നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ഉടന്‍ നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ജനുവരി 20 നകം നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇക്കോ ടൂറിസം ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി സർക്കാരിന്‍റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നവീകരിച്ച് ആധുനികവത്കരിക്കുന്നത്.നിർമ്മാണ പ്രവർത്തന പുരോഗതി എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി.

കോന്നി ആനത്താവളത്തിൽ മ്യൂസിയത്തിനായി കെട്ടിടം നിർമ്മിച്ചിരുന്നു എങ്കിലും ചില ചിത്രങ്ങളും, ആന പരിശീലനവുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങളും മാത്രമാണ് മ്യൂസിയത്തിൽ ഉണ്ടായിരുന്നത്. ആനത്താവളത്തിലെ പ്രധാന ആകർഷക കേന്ദ്രമായി മ്യൂസിയത്തെ മാറ്റുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

പുതുക്കിയ മ്യൂസിയത്തിന്‍റെ കവാടത്തിലുള്ള ഭിത്തി മ്യൂറൽ പെയിന്‍റ് ചെയ്ത് മനോഹരമാക്കുകയാണ്. ഫൈബറിൽ നിർമ്മിക്കുന്ന ആനയുടെ പൂർണ്ണരൂപം, ഡയോരമ, ഇൻഫർമേഷൻ ക്വിസ് പാനൽ,ഇലക്ട്രിഫിക്കേഷൻ, എൽ.ഇ.ഡി sച്ച് സ്ക്രീൻ, പ്രത്യേക നിലയിൽ ക്രമീകരിച്ച ആനയുടെ അസ്ഥികൂടം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേൾക്കാനും, തിരിച്ചറിയാനും കഴിയുന്ന ആധുനിക സംവിധാനം, ആനയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങി നിരവധി ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

കുട്ടികളുടെ പാർക്കിന്‍റെ നവീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പുതിയ നടപ്പാതയും, ക്രമീകരണങ്ങളും കുട്ടികളുടെ പാർക്കിനെ കൂടുതൽ ആകർഷകമാക്കി മാറ്റും.
കോഴിക്കോട് സ്വദേശിയായ ശശി എടവരാഡിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മ്യൂറൽ പെയിൻറിംഗ് നടത്തുന്നത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സൈൻ ടെക്കാണ് മ്യൂസിയം നിർമ്മാണം ഏറ്റെടുത്തു നടത്തുന്നത്.

ആനയ്ക്കൊപ്പം തന്നെ മ്യൂസിയവും, കുട്ടികളുടെ പാർക്കും പ്രധാന ആകർഷക കേന്ദ്രമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തികളാണ് നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.അടുത്ത ഘട്ടമായി ത്രീഡി തീയറ്ററും നിർമ്മിക്കും.കോന്നിയുടെ വൈവിധ്യങ്ങളും, കാനനഭംഗിയും, ചരിത്രവുമെല്ലാം ഇവിടെ പ്രദർശിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എ യോടൊപ്പം കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ  കെ.എൻ.ശ്യാംമോഹൻലാൽ ഐ.എഫ്.എസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.

error: Content is protected !!