Trending Now

മലയാലപ്പുഴയില്‍ പന്നിമൂട്ട ശല്യം: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പന്നിമൂട്ട, ബ്ലാമൂട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെറുപ്രാണികളായ ടിക്കുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പന്നിമൂട്ടയുടെ നിയന്ത്രണത്തെകുറിച്ച് പഠനം നടത്തി ആക്്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ജില്ലാ കള്കടര്‍ നിര്‍ദേശിച്ചു. ടിക്കുകളുടെ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൈറിത്രം ഉപയോഗിച്ച് സ്പ്രേയിംഗ് നടത്തുന്നുണ്ട്.

ഇവയുടെ കടിയേറ്റവരില്‍ ചൊറിച്ചില്‍, ചെറുവ്രണങ്ങള്‍ എന്നിവ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 50 ഓളം ആളുകള്‍ ഈ ലക്ഷണങ്ങളുമായി മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ചികിത്സ തേടി.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍, റാന്നി ഡി.എഫ്.ഒ, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, കൃഷി വകുപ്പ് ജില്ലാ ഓഫീസര്‍, മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ഡി.എം.ഒ മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പന്നിമൂട്ട ശല്യം: പൊതുജനങ്ങള്‍ ശ്രദ്ധിക്കാന്‍

വളര്‍ത്തു മൃഗങ്ങളെ വീടിനുളളില്‍ പ്രവേശിപ്പിക്കരുത്.കൃഷിയിടങ്ങളിലും പുറത്തിറങ്ങുമ്പോഴും ടിക് റിപ്പലന്റ് ഉപയോഗിക്കുക.കൃഷി സ്ഥലങ്ങള്‍, കാട് പിടിച്ച സ്ഥലങ്ങള്‍, ഉപയോഗ ശൂന്യമായ സ്ഥലങ്ങള്‍ എന്നിവ യഥാസമയം വെട്ടിത്തെളിക്കുക.പുല്ല് വര്‍ഗത്തില്‍പെട്ട ചെടികള്‍, കുറ്റി ചെടികള്‍ എന്നിവയുളള സ്ഥലങ്ങള്‍ വൃത്തിയാക്കുക.പുറത്തിറങ്ങുമ്പോള്‍ ശരീരമാസകലം മൂടുന്ന വസ്ത്രം ധരിക്കുക.കന്നുകാലികളെ കൂടുതലായി മേയാന്‍ വിടരുത്. കഴിയുന്നതും തൊഴുത്തുകളില്‍ തന്നെ അവയെ പരിപാലിക്കണം.കുരങ്ങുകളുടെ അസ്വാഭാവിക മരണം ശ്രദ്ധയില്‍പെട്ടാല്‍ യഥാസമയം ആരോഗ്യ വകുപ്പിനെയും വനം വകുപ്പിനെയും അറിയിക്കണം.

error: Content is protected !!