Trending Now

സംസ്ഥാനത്തെ വിവിധ കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 

സംസ്ഥാനത്തെ വിവിധ കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറില്‍ അഞ്ച് കോര്‍പറേഷനുകളില്‍ മിന്നുന്ന വിജയം നേടിയ എല്‍ഡിഎഫ്, യുഡിഎഫ്- ബിജെപി- ലീഗ് കൂട്ടുകെട്ടിനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കിയാണ്‌ വന്‍ മുന്നേറ്റം കോര്‍പറേഷനുകളില്‍ നടത്തിയത്.

കോഴിക്കോട്,തൃശൂര്‍, എറണാകുളം,കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ ആര്യാ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യാ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) – 54, സിമി ജ്യോതിഷ് (എന്‍ഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09

ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്സി രണ്ടാം വര്‍ഷഗണിത വിദ്യാര്‍ഥിനിയാണ് ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.മേയര്‍ പദവിയില്‍ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ.

ഇടതുപക്ഷത്തിനൊപ്പം മാത്രം സഞ്ചരിച്ച ചരിത്രമുള്ള കൊല്ലം കോര്‍പറേഷന്റെ മേയറായി സിപിഐ എം ജില്ലാകമ്മിറ്റിയംഗം പ്രസന്ന ഏണസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്.

യുഡിഎഫ് ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച കൊച്ചിയില്‍ അഡ്വ എം അനില്‍ കുമാര്‍ മേയറായി സത്യപ്രജിജ്ഞ ചെയ്തു. 32 നെതിരെ 36 വോട്ടുകള്‍ക്കാണ് അനില്‍കുമാറിന്റെ വിജയം. എല്‍ഡിഎഫിന് 36 വോട്ടും യുഡിഎഫിന് 32 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു

തൃശൂര്‍ കോര്‍പറേഷന്‍ മേയറായി എം കെ വര്‍ഗീസിനെ തെരഞ്ഞെടുത്തു. 23 നെതിരെ 25 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഗോപകുമാറിനെയാണ് എംകെ വര്‍ഗീസ് പരാജയപ്പെടുത്തിയത് . നെട്ടിശേരി ഡിവിഷനില്‍ സ്വതന്ത്രനായി വിജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിലെ അഡ്വ. ടി ഒ മോഹനനെ മേയറായി തെരഞ്ഞടുത്തു. ടി ഒ മോഹനന് 33 വോട്ടാണ് ലഭിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ സുകന്യക്ക് 19 വോട്ട് ലഭിച്ചു. 55 അംഗ കൗണ്‍സിലില്‍ UDF ന് 34 സീറ്റാണ്. എല്‍ഡിഎഫിന് 19. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനും ഒരു സീറ്റില്‍ ബിജെപിയുമാണ് ജയിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ഒരാള്‍ക്ക് വൈകിയതിനാല്‍ വോട്ട് ചെയ്യാനായില്ല. വിമതന്‍ യുഡിഎഫിന് വോട്ട് ചെയ്തു. ബിജെപി മാറിനിന്നു.