Trending Now

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ : പത്തനംതിട്ട ജില്ലയില്‍ യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തുന്ന പി ഹണ്ട് എന്ന് പേരിട്ട മൂന്നാംഘട്ട റെയ്ഡ് പത്തനംതിട്ട ജില്ലയില്‍ 13 സ്ഥലത്തു നടത്തിയതില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 മൊബൈല്‍ ഫോണുകളും രണ്ടു മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു. യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.

തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ഓരോ അറസ്റ്റ്. പുളിക്കീഴ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവഡോക്ടര്‍ പിടിയിലായത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തുവരുന്ന ഡോക്ടര്‍ സേവിന്‍ ആന്റോ (23)ആണ് അറസ്റ്റിലായത്. തിരുവല്ല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ ആക്ട് പ്രകാരമുള്ള കേസില്‍ ഹൈദരാബാദില്‍ എം എ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍(21) അറസ്റ്റിലായി. ഇരുവരുടെയും മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീലച്ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.

ജില്ലയില്‍ ഈ വര്‍ഷം മൂന്നാം തവണയാണ് പി ഹണ്ട് റെയ്ഡ് നടക്കുന്നത്. ബാക്കിയുള്ള ഒന്‍പത് കേസുകള്‍ 102 സി ആര്‍ പി സി പ്രകാരമെടുത്തതാണ്. ഇതോടെ ഈവര്‍ഷം ആകെ എടുത്ത കേസുകളുടെ എണ്ണം 21 ആയി. കഴിഞ്ഞവര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളുടെ സ്ഥാനത്താണ് ഇക്കൊല്ലം കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുകയറ്റം.

2019, 2020 വര്‍ഷങ്ങളില്‍ ആകെ അഞ്ചു റെയ്ഡുകളിലായാണ് ഇത്രയും കേസുകള്‍.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുകയോ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന തിരിച്ചറിവുണ്ടായിട്ടും വിദ്യാഭ്യാസ സാംസ്‌കാരിക തലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന പശ്ചാത്തലമുണ്ടായിട്ടും ആളുകള്‍ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത് സാമൂഹിക വിപത്താണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിന് ഇതും ഒരു കാരണം തന്നെയാണെന്ന് കരുതേണ്ടിവരും. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷന്‍ മുഖേന നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്.

ബോധവല്‍ക്കരണം കൊണ്ടോ മറ്റോ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുകയോ കൈവശം വയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്നും ആളുകള്‍ പിന്തിരിയുന്നില്ല എന്നതിനു തെളിവാണ് കേസിലെ വര്‍ധന വ്യക്തമാക്കുന്നതെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
റെയ്ഡുകളില്‍ വെളിവായത് വളരെ ഗുരുതരമായ കാര്യങ്ങളാണ്. മികച്ചനിലയില്‍ കഴിയുന്ന വീടുകളിലെ ആളുകള്‍ പിടിക്കപ്പെടുന്നു. വീടുകളിലെ വിവിധ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. വൈ ഫൈ കണക്ഷനുകള്‍ വീട്ടുകാര്‍ സുരക്ഷിതമായി വയ്ക്കണം. പാസ്്വേര്‍ഡ് കൂടെക്കൂടെ മറ്റേണ്ടതാണ്. തങ്ങളറിയാതെ പാസ്വേര്‍ഡ് കണ്ടെത്തി ആളുകള്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് വീട്ടുകാര്‍ മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ഇത്തരത്തില്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വീട്ടുടമയും കുറ്റക്കാരനാകുന്ന സ്ഥിതിയുണ്ടാകും. ഇത് ഒഴിവാക്കപ്പെടാന്‍ ആളുകള്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ ആണായാലും പെണ്ണായാലും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഒരേപോലെ ഗൗരവമുള്ളതാണ്. ഇത്തരം ദൃശ്യങ്ങള്‍ കാണുകയും കുട്ടികളെ കാണിക്കുകയും ചെയ്യുന്നവര്‍, അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ സൂക്ഷ്മത ഉണ്ടാകണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്ത് കുട്ടികള്‍ ഇന്റ്ര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പുവരുത്തണം. ഭാവിപൗരന്മാരായ കുട്ടികളെ ബാധിക്കുന്ന ഗുരുതരവിഷയമാണെന്ന് കണ്ട് പോലീസ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ തുടര്‍ന്നും നടത്തി കേസുകളെടുത്തു ശക്തമായ നിയമനടപടികള്‍ തുടരും. ഇത്തരം ആളുകള്‍ പോലീസ് നിരീക്ഷണത്തില്‍ എപ്പോഴുമുണ്ടാവും.

ജില്ലാസൈബര്‍ പോലീസ് സ്റ്റേഷനിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ജില്ലാ സൈബര്‍ സെല്‍ എ.എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ മാരായ ശ്രീകുമാര്‍, രാജേഷ്, ഡാന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ മാരായ വില്‍സണ്‍, അജികുമാര്‍, സി.പി.ഒ മാരായ സുജിത്ത്, മിഥുന്‍ ജോസ്, ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!