മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കും
ശരണം വിളികളാല്‍ മുഖരിതമായ നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡലപൂജ (ഡിസംബര്‍ 26) നടന്നു. രാവിലെ 11.40 നും 12.20 നും മദ്ധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജയരാജ് പോറ്റി സഹകാര്‍മികനായി. വിശേഷാല്‍ കളഭാഭിഷേകവും 25 കലശവും നടന്നു.
തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പ വിഗ്രഹത്തിന്റെ അനിര്‍വചനീയമായ ചൈതന്യത്തിന്റെ ദര്‍ശന സാഫല്യത്തോടെയാണ് അയ്യപ്പ ഭക്തര്‍ മലയിറങ്ങിയത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡല പൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി 1973-ല്‍ നടയ്ക്കുവച്ചത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ 22 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് 6.22നാണ് സന്നിധാനത്തെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും നടന്നു.
രാത്രി ഹരിവരാസനം പാടി 9 മണിക്ക് നട അടക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട്് അഞ്ചിന് നടതുറക്കും. 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവ കാലം. ഡിസംബര്‍ 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.
മണ്ഡല പൂജാ സമയത്ത് ശ്രീകോവിലിന് മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, പോലീസ് ഐ.ജി. എസ്. ശ്രീജിത്ത്, ചീഫ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അജിത് കുമാര്‍, സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്.രാജു തുടങ്ങിയവരും മറ്റ് വിശിഷ്ട അതിഥികളും സന്നിഹിതരായിരുന്നു.
പരിസമാപ്തിയായത് കോവിഡ് പശ്ചാത്തല തീര്‍ത്ഥാടനത്തിന്
കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മണ്ഡലകാലം പൂര്‍ത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തീര്‍ഥാടകരുടെ എണ്ണം തുടക്കത്തില്‍ ആയിരമെന്ന നിലയില്‍ പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരമായും തുടര്‍ന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി. കോവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്. ഇതിനായി നിലക്കലില്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതിന് പുറമേ വലിയനടപ്പന്തല്‍ മുതല്‍ ഭക്തരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് പതിനെട്ടാംപടി കയറ്റിയത്. സാമൂഹ്യ അകലം പാലിച്ചായിരുന്നു ദര്‍ശന ക്യൂ. ഇതിനായി വലിയനടപ്പന്തല്‍ മുതല്‍ സോപാനം വരെയും മാളികപ്പുറത്തുള്‍പ്പെടെയും ഭക്തര്‍ക്ക് നില്‍ക്കാനുള്ള സ്ഥലങ്ങള്‍ വരച്ച് അടയാളപ്പെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ സാനിട്ടൈസറും ലഭ്യമാക്കിയിരുന്നു. ഇതിന് പുറമേ ഭക്തരെത്തുന്ന സ്ഥലങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുകയും ചെയ്തു.
കോവിഡ് മുന്‍ കരുതലെടുത്ത ശേഷമാണ് എല്ലാ വിഭാഗം ജീവനക്കാരെയും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. സമ്പര്‍ക്കമൊഴിവാക്കാനായി ജിവനക്കാര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാരിലെ കോവിഡ് ബാധ കണ്ടെത്തുന്നതിനായി സന്നിധാനത്ത് രണ്ട് പ്രാവശ്യം ആന്റിജന്‍ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. സന്നിധാനത്ത് വച്ച് രോഗബാധ സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് നീക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സും ഏര്‍പ്പെടുത്തിയിരുന്നു.
തീര്‍ത്ഥാടകര്‍ക്കും സന്നിധാനത്ത് സേവനമനുഷ്ടിച്ച ഏതാനും ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചെങ്കിലും ആശങ്കകളില്ലാതെ മണ്ഡലകാലം പൂര്‍ത്തിയായെന്നാണ് ദേവസ്വം ബാര്‍ഡിന്റെ വിലയിരുത്തല്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാരമായ കുറവാണ് രേഖപ്പെടുത്തയത്.
ശബരിമല സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തരുടെ വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാരതീയ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തപാല്‍ വഴി പ്രസാദ വിതരണം ആരംഭിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവ ഉള്‍പ്പെടുന്ന പ്രസാദ കിറ്റാണ് ഇത്തരത്തില്‍ രാജ്യമെമ്പാടുമുള്ള ഭക്തര്‍ക്ക് ലഭ്യമാക്കിയത്.
ഡിസംബര്‍ 26 മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഹൈക്കോടതിയുടേയും സര്‍ക്കാരിന്റെയും നിര്‍ദേശം. എന്നാല്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസവും ചെലവും പരിഗണിച്ച് ആര്‍ടിപിസിആര്‍ ടെസ്റ്റിന് പുറമേ ആര്‍ടി ലാമ്പ് ടെസ്റ്റ്, എക്സ്പ്രസ് നാറ്റ് എന്നീ രണ്ട് ടെസ്റ്റുകളിലേതെങ്കിലും നടത്തി നെഗറ്റീവാകുന്നവരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.