Trending Now

കോന്നി പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം പകുത്ത് നല്‍കി പ്രീതി നേടി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ ഭരണം യു ഡി എഫ് നിലനിര്‍ത്തുകയും പ്രസിഡന്‍റ് സ്ഥാനം രണ്ടു പേര്‍ക്ക് പകുത്ത് നല്‍കി കോണ്‍ഗ്രസ് പ്രീതി പിടിച്ച് പറ്റി . പത്താം വാര്‍ഡ് മുരിങ്ങമംഗലത്ത് നിന്നും വിജയിച്ച സുലേഖ വി നായര്‍ക്കു ആദ്യ രണ്ടര വര്‍ഷവും പതിമൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച അനി സാബുവിന് ബാക്കി പകുതി വര്‍ഷവും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നല്‍കുവാന്‍ കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ കമ്മറ്റിയില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിധ്യത്തില്‍ തീരുമാനം എടുത്തു .

സുലേഖ രണ്ടാം തവണയാണ് ഗ്രാമ പഞ്ചായത്ത് അംഗമാകുന്നത് ,അനി സാബു മൂന്നാം തവണയും . അനി സാബുവിന് അഞ്ചു വര്‍ഷവും പ്രസിഡന്‍റ് സ്ഥാനം നല്‍കുവാന്‍ ആദ്യം ആലോചിച്ചു എങ്കിലും പന്ത്രണ്ടാം വാര്‍ഡ് എലിയറക്കല്‍ നിന്നും ജയിച്ച റോജി അബ്രാഹാമിന് 5 വര്‍ഷവും വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കേണ്ടത് ഉള്ളതിനാല്‍ പ്രസിഡന്‍റ് സ്ഥാനം രണ്ടു പേര്‍ക്ക് തുല്യമായി വീതിച്ചു നല്‍കി . റോജിയും അനിയും ഒരേ സമുദായ അംഗം എന്ന നിലയില്‍ചര്‍ച്ച വന്നപ്പോള്‍ ആണ് സുലേഖ വി നായരെ പരിഗണിച്ചത് . ഇതിന് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ മൌന സമ്മതവും ഉണ്ടായിരുന്നു . കഴിഞ്ഞ തവണയും കോണ്‍ഗ്രസ്സ് തന്നെയാണ് പഞ്ചായത്ത് ഭരിച്ചത് .
റോജി അബ്രഹാം നേരത്തെയും ഗ്രാമ -ബ്ലോക്ക് അംഗമായിരുന്നു . ഇക്കുറി വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കി . 18 സീറ്റില്‍ 12 സീറ്റ് നേടിയാണ് ഭരണം നിലനിര്‍ത്തിയത് . എല്‍ ഡി എഫ് അഞ്ചും എന്‍ ഡി എ ഒരു സീറ്റിലും ജയിച്ചിരുന്നു .

കോന്നിയില്‍ ബ്ലോക്ക് പഞ്ചായത്തും യു ഡി എഫ് നിലനിര്‍ത്തി .എന്നാല്‍ പ്രസിഡന്‍റ് പദവികള്‍ക്ക് വേണ്ടി തര്‍ക്കം രൂക്ഷമാണ് .