കോന്നി വാര്‍ത്ത : ശബരിമല ദര്‍ശനത്തിന് ഡിസംബര്‍ 26ന് ശേഷം എത്തുന്ന ഭക്തര്‍ക്കും സന്നിധാനത്ത് ജോലി ചെയ്യാനെത്തുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയതായി സന്നിധാനത്ത് ചേര്‍ന്ന ശബരിമല ഉന്നതാധികാര സമിതി യോഗത്തിന് ശേഷം എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ എ.എസ്. രാജു എന്നിവര്‍ പറഞ്ഞു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും കടത്തി വിടൂ. ഡിസംബര്‍ 30 ന് ശേഷം നിലയ്ക്കലില്‍ ആന്റിജന്‍ ടെസ്റ്റ് ഉണ്ടാവില്ല.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി തങ്ക അങ്കിയോടൊപ്പം സന്നിധാനത്തേക്ക് അനുഗമിക്കുന്നവരുടെ എണ്ണം ചുരുക്കും. അയ്യപ്പസേവാസംഘത്തിന്റെ കര്‍പ്പൂരാഴിക്കും കോവിഡ് മാനദണ്ഡം പാലിച്ച് മാത്രമാണ് അനുമതി. തങ്ക അങ്കി ഘോഷ യാത്രക്കായി പരമ്പരാഗത വഴിയിലെ ശുചീകരണ പ്രവര്‍ത്തനം തുടങ്ങി. അതേ ദിവസം സന്നിധാനത്തെത്തുന്ന ഭക്തരെ ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ദര്‍ശനം പൂര്‍ത്തിയാക്കി മടക്കി അയയ്ക്കും. ഇതിനായി ഇരുമുടിക്കെട്ടെടുത്ത് വരുന്നവര്‍ക്ക് ഒറ്റത്തവണ സുഗമമായ ദര്‍ശനം ഉറപ്പാക്കും.