കവയിത്രി സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.52 നായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെതുടര്‍ന്ന് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ചികിത്സ. ഹൃദയത്തിന്റെയും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു.
കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകയും കൂടിയായിരുന്നു സുഗതകുമാരി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. സേവ് സൈലന്റ് വാലി പ്രതിഷേധത്തില്‍ വലിയ പങ്കുവഹിച്ചു.1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലായിരുന്നു സുഗതകുമാരിയുടെ ജനനം. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.