Trending Now

തങ്കയങ്കി രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും പ്രയാണമാരംഭിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പുലര്‍കാല സൂര്യനും വിശ്വാസി സമൂഹവും സാക്ഷി. ശബരിമല അയ്യപ്പന് മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും പ്രയാണമാരംഭിച്ചു. കൊട്ടും കുരവയും സ്തുതിഗീതങ്ങളും ഉയര്‍ന്ന ചൊവ്വാഴ്ച പുലര്‍ച്ചെ 7.10 നാണ് തങ്കയങ്കി നിറച്ച പേടകം പേറുന്ന രഥം ചലിച്ചു തുടങ്ങിയത്.

ശബരിമല ക്ഷേത്രത്തിന്റെയും കൊടിമരത്തിന്റെയും മാതൃകയിലാണ് രഥം ഒരുക്കിയിട്ടുള്ളത്. കോഴഞ്ചേരി ഈസ്റ്റ് കൊല്ലീരേത്ത് ബിജുവും അനുവും ഒരു മാസം നടത്തിയ വിശ്രമരഹിതമായ സേവനത്തെ തുടര്‍ന്നാണ് രഥം തയ്യാറായത്. മൂന്നു പതിറ്റാണ്ടോളം സ്വന്തം ജീപ്പില്‍ രഥം തീര്‍ത്ത് സാരഥിയായി സേവനം അനുഷ്ടിച്ചിരുന്നത് കൊല്ലീരേത്ത് തങ്കപ്പനാചാരിയാണ്. പിതാവിന്റെ മരണശേഷം മക്കള്‍ ഈ ദൗത്യം നിയോഗം പോലെ ഏറ്റെടുത്തു. നീണ്ട വൃതാനുഷ്ഠാനങ്ങളോടെയാണ് രഥം നിര്‍മ്മിക്കുന്നത്. ഇരുവരും ഡ്രൈവര്‍മാര്‍ കൂടിയാണ്.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തങ്കം കൊണ്ട് നിര്‍മ്മിച്ച് നടയ്ക്കുവച്ച 435 പവന്‍ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. ഇത് ചാര്‍ത്തിയാണ് മണ്ഡലപൂജ നടത്തുക. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ തുറന്നുവച്ച തങ്കയങ്കി 6.30ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടേയും സായുധ പൊലീസ് സംഘത്തിന്റെയും നേതൃത്വത്തില്‍ രഥത്തിലേക്കുമാറ്റി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസു, മെമ്പര്‍ കെ.എസ്. രവി, മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ആദ്യ ദിനത്തിലെ രഥയാത്ര ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് വിശ്രമിക്കുന്നത് . ബുധനാഴ്ച രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 24 ന് വ്യാഴാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിലുമാണ് വിശ്രമം. 25 ന് വെള്ളിയാഴ്ച പകല്‍ 1.30 ന് പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ശരംകുത്തിയില്‍ എത്തുമ്പോള്‍ ഘോഷയാത്രയെ ആചാരാനുഷ്ടാനങ്ങളോടെ വരവേല്‍ക്കും. ഉത്സവാഘോഷ നിറവില്‍ നടന്നിരുന്ന സ്വീകരണങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതു കൊണ്ട് നിയന്ത്രണമുണ്ട്.

error: Content is protected !!