പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ദേശീയ ട്രഷററുമായ കെ.എം.ഷരീഫ്(56) അന്തരിച്ചു. രോഗബാധയെ തുടർന്ന് രണ്ടാഴ്ചയായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കർണാടകയിലെ മംഗലാപുരം സ്വദേശിയായ കെ എം ശരീഫ് 1964 സപ്തംബർ ഒന്നിനാണ് ജനിച്ചത്. മംഗലാപുരം ബന്ദ്വാൾ സ്വദേശിയും പണ്ഡിതനുമായ അബ്ദുല്ല ഹാജി – നഫീസ ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യത്തെ മകനാണ്. ഫാത്തിമയാണ് ഭാര്യ. ആറ് മക്കളുണ്ട് (മാസിം, മുഹീസ, ഹംദാൻ, ഫിദ, യാസീൻ, ഹിളർ).
ബന്ദ്വാളിലെ ദ്വീപിക സ്കൂളിലാണ് അദ്ദേഹം ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. ഹൈസ്കൂൾ പഠനത്തിന് ശേഷം നാല് വർഷത്തെ ഇസ്ലാമിക പഠനം പൂർത്തിയാക്കി. തുടർന്ന് മംഗലാപുരം ഗവ.കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി.
നാല് വർഷത്തോളം ദുബയിൽ ജോലി നോക്കിയ അദ്ദേഹം തിരികെ നാട്ടിലെത്തി സ്വന്തമായി ബിസിനസ് ആരംഭിച്ചു. കൗമാര കാലത്ത് തന്നെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം വിവിധ ഇസ്‌ലാമിക വേദികളിൽ പ്രവർത്തിക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ബ്യാരി സാഹിത്യത്തിന് സംഭാവനകൾ ആർപ്പിച്ചിട്ടുണ്ട്. കന്നഡ, ഉറുദു, മലയാളം ഭാഷകളിലും പ്രാവീണ്യമുണ്ട്.
കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ചെയർമാൻ എന്നീ പദവികളും വഹിച്ചു. നിലവിൽ പോപുലർ ഫ്രണ്ടിന്റെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ട്രഷററുമായിരുന്നു. മുസ്‌ലിം വ്യക്തിനിയമ ബോർഡ് യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്.
കന്നട മാഗസിനായ ‘പ്രസ്തുത’യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. സ്വഹാബി ചരിത്രം, സത്യവിശ്വാസികളുടെ ദിനചര്യകൾ എന്നീ പുസ്തകങ്ങൾ മലയാളത്തിൽ നിന്നും കന്നടയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കന്നട ഭാഷയിൽ അൻ്റി ഡൗറി (Anti-Dowry) എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. നല്ല പ്രഭാഷകനും കൂടിയാണ് അദ്ദേഹം.
മൃതദേഹം വൈകീട്ട് 5മണിമുതൽ മംഗലാപുരം ബിസി റോഡിലുള്ള മിതബൈൽ മസ്ജിദിൽ പൊതുദർശനത്തിന് വെക്കും. ഖബറക്കം ഇന്ന് രാത്രി 8മണിക്ക്