
konnivartha.com : പന്തളം കുരമ്പാലയില്‍ വോട്ടെണ്ണല്‍ ദിവസം കൊല്ലപ്പെട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്തിയത് പോലീസിന്റെ വലിയ നേട്ടമാണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. കൊലപാതകമാണെന്ന് വ്യക്തമായപ്പോള്‍ തന്നെ ശാസ്ത്രീയ അന്വേഷണ സംഘത്തെയും വിരലടയാള വിദഗ്ധരെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിക്കുകയും, പഴുതടച്ച ശാസ്ത്രീയ അന്വേഷണം ഉറപ്പാക്കുകയും ചെയ്തു.
വോട്ടെണ്ണല്‍ ദിവസത്തെ തിരക്കുകള്‍ക്കിടയിലും കാലതാമസം കൂടാതെ കൃത്യമായ അന്വേഷണം നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു. ഈ കേസില്‍ സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ അമീഷിന്റെ സമയോചിതമായ ഇടപെടല്‍ പ്രതിയെ വളരെവേഗം കണ്ടെത്താന്‍ കാരണമായി. സംഭവം അറിഞ്ഞയുടന്‍ സ്റ്റേഷന്‍ പരിധിയിലുള്ള എല്ലാ കോളനികളിലും ബീറ്റ് ഓഫീസര്‍ ബന്ധപ്പെട്ടിരുന്നു.
ചാക്കിനുള്ളില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ പാദസരം ശ്രദ്ധയില്‍പെടുകയും 60 വയസ് പ്രായം തോന്നിക്കുന്ന ഇത്തരത്തില്‍ പാദസരം ധരിക്കുന്ന സ്ത്രീയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വളരെവേഗം തന്നെ കുരമ്പാല പറയന്റയ്യത്തു വീട് കണ്ടെത്തുകയുമായിരുന്നു. വീട്ടില്‍ ആരെയും കാണാഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചു. വീട്ടില്‍ താമസക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്ഥിരമായി വഴക്കാണെന്നു അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഭര്‍ത്താവിനെക്കുറിച്ചുള്ള അന്വേഷണത്തിനോടുവില്‍ പ്രതിയായ മധുസൂദനന്‍ ഉണ്ണിത്താനെ കണ്ടെത്തി. ഇയാളുടെ ഫോണ്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീ പ്രതിയുടെ രണ്ടാം ഭാര്യയാണ്. ടാപ്പിംഗ് തൊഴിലാളിയായ ഇയാള്‍ വഴക്കിനെതുടര്‍ന്നു സ്ത്രീയെ ടാപ്പിംഗ് കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയശേഷം ചാക്കില്‍ കെട്ടി കൊണ്ടിടുകയായിരുന്നു.
ജനമൈത്രി ബീറ്റ് ഓഫീസര്‍ എന്ന നിലയ്ക്കുള്ള നാട്ടിലെ വിവിധ ആളുകളുമായുള്ള ബന്ധം അമീഷിന് പ്രയോജനപ്പെടുത്താനായതാണ് പ്രതിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. അന്വേഷണത്തില്‍ ഏര്‍പ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.