Trending Now

കോവിഡ് സാഹചര്യത്തിലും ജില്ലയില്‍ കനത്ത പോളിംഗ്

 

കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ കോവിഡ് സാഹചര്യത്തിലും പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ കനത്ത പോളിംഗ് നടക്കുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

വിവിധയിടങ്ങളിലെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു കളക്ടര്‍. ഉച്ചകഴിഞ്ഞ് 2.45 വരെയുള്ള സമയം 55.58 ശതമാനം വോട്ടാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.

പുലര്‍ച്ചെ ആറ് മുതല്‍ ഏഴ് വരെയുള്ള സമയപരിധിയില്‍ എല്ലാ പോളിംഗ് ബൂത്തുകളിലും മോക്ക് പോള്‍ നടത്തി. പോളിംഗ് ബൂത്തുകളില്‍ കൈകള്‍ കഴുകുന്നതിനായി വെള്ളവും സോപ്പും ക്രമീകരിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തിലേക്ക് കടക്കുന്ന വാതിലിലും പുറത്തേക്ക് ഇറങ്ങുന്ന വാതിലിലും സാനിറ്റൈസര്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടര്‍മാരും മാസ്‌ക് ധരിച്ചാണ് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നത്.

വോട്ടര്‍മാര്‍ക്ക് അകലം പാലിച്ച് നില്‍ക്കുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. വൃദ്ധരെയും അംഗപരിമിതരേയും ബൂത്തിലേക്ക് പ്രത്യേകം കടത്തിവിടുന്നുണ്ട്. പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ മാസ്‌കും, കൈയുറയും, ഫെയ്‌സ് ഷീല്‍ഡും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ട്. ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പോലീസിന് നിര്‍ദേശം നല്‍കി. ശാരീരിക ബുദ്ധിമുട്ടുള്ളവരെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്നതിനായി ഡോളികളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്കും സമ്മതിദായകര്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടായ പോളിംഗ് ബൂത്തുകളിലെ പ്രശ്‌നങ്ങള്‍ പോള്‍ മാനേജര്‍ ആപ്പിന്റെ സഹായത്തോടെ പരിഹരിച്ചു.

മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തുന്നതിന് പത്തനംതിട്ട നഗരസഭ വോട്ടര്‍മാര്‍ക്കായി രണ്ട് ഡോളി ഏര്‍പ്പെടുത്തിയിരുന്നു. പോളിംഗിനിടെ പ്രവര്‍ത്തന തകരാര്‍ സംഭവിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉടന്‍തന്നെ മാറ്റി നല്‍കി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം നല്‍കിയിരുന്നത് വോട്ടെടുപ്പ് നടപടി സുഗമമായി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചു.

ആനപ്പാറ, കുമ്പഴ, കാക്കാംതുണ്ട്, മുണ്ടുകോട്ടക്കല്‍, വെട്ടിപ്പുറം, പത്തനംതിട്ട, മേക്കൊഴൂര്‍, വടശേരിക്കര, പേഴുംപാറ, ബൗണ്ടറി, ചെറുകുളഞ്ഞി, പഴവങ്ങാടി, റാന്നി, കാട്ടൂര്‍, വാഴക്കുന്നം, കോഴഞ്ചേരി, കാരംവേലി എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളിലാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.