അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ന്യൂസ് ഡെസ്ക്
ബുറേവി ചുഴലിക്കാറ്റ് കേരളതീരത്തോട് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു. സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ശബരിമലയിലെയും പമ്പയിലെയും ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെ കാറ്റ് ശക്തിപ്രാപിച്ചാല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ശക്തമായ കാറ്റിലും മഴയിലും സ്വാമി അയ്യപ്പന്‍ റോഡില്‍ തടസങ്ങള്‍ ഉണ്ടായാല്‍ അവ നീക്കം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും യോഗം ഉറപ്പുവരുത്തി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ ജാഗ്രതയോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, ദേവസ്വം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.