Trending Now

ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ ഏതു സമയവും 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തേണ്ടതായി വരും

 

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ (ബുധന്‍) ശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടും(വ്യാഴം) റെഡ് അലര്‍ട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഡാമിന്റെ പരമാവധി സംഭരണ ശേഷി 192.63 മീറ്ററാണ്. ശബരിഗിരി പവര്‍ ഹൗസിന്റെ വൈദ്യുത ഉത്പാദന നിരക്കും കാലാവസ്ഥാ അലര്‍ട്ടുകളും പരിഗണിക്കുമ്പോള്‍ (ബുധന്‍) രാത്രി ഏഴിന് റെഡ് അലര്‍ട്ട് ലെവലായ 190.00 മീറ്ററും രാത്രി 8.30 ന് പരമാവധി സംഭരണ നിരക്കായ 192.63 മീറ്ററും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഏതു സമയവും 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തേണ്ടതായി വരും.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം കക്കാട്ടാറില്‍ 30 സെന്റിമീറ്റര്‍ വരെ ജല നിരപ്പ് ഉയരാവുന്നതാണ്. പ്രദേശവാസികളും, ശബരിമല തീര്‍ഥാടകരും നദിയില്‍ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.

error: Content is protected !!