Trending Now

പ്രവാസി സാഹിത്യകാരന്‍ സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി (69) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Spread the love

ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ചരുപറമ്പില്‍ പരേതരായ എന്‍.വി.സാമുവലിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി വൃക്ക രോഗബാധിതനായി സ്റ്റാറ്റന്‍ഐലന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

തിരുവല്ല മഞ്ഞാടി പരത്തിക്കാട്ടില്‍ മറിയാമ്മ ജോര്‍ജ്( റിട്ടയേര്‍ഡ് നഴ്‌സ് കോണിഐലന്റ് ഹോസ്പിറ്റല്‍) ആണ് ഭാര്യ. റോസി ഫ്രാന്‍സിസ് (ടീച്ചര്‍, ആല്‍ബനി), റോജി ജോര്‍ജ് (ബിസിനസ്സ് അക്കൗണ്ടിംഗ് ന്യൂയോര്‍ക്ക്), റേച്ചല്‍ ജോര്‍ജ്(നഴ്‌സ് പ്രാക്ടീഷ്ണര്‍, പ്രസ്മിറ്റീരിയല്‍ ഹോസ്പിറ്‌റല്‍ ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളാണ്. ജോമി ഫ്രാന്‍സിസ് ജാമാതാവും അബീഗയില്‍, ജോഹന്ന, ഗബ്രിയേലോ എന്നിവര്‍ പേരക്കുട്ടികളുമാണ്.

കേരള സര്‍വ്വകലാശാലയില്‍ നിന്നും പ്രശ്‌സതമായനിലയില്‍ എം.എസ്.സി., ബി.എഡ് ബിരുദങ്ങള്‍ കരസ്ഥമാക്കിയ ശേഷം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ജോര്‍ജ് ദീര്‍ഘകാലം ന്യൂയോര്‍ക്ക് സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഹൈസ്കൂള്‍ അദ്ധ്യാപകനും തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്‌റില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

മലയാളംഇംഗ്ലീഷ് ഭാഷകളില്‍ കവിതാകഥാ രചനകളില്‍ തല്‍പരനായിരുന്ന അദ്ദേഹം നിരവധി രചനകളുടെ കര്‍ത്താവാണ്.ഗൃഹാതുരത്വവും,പ്രകൃതിരമണീയതയും,ആനുകാലിക സംഭവങ്ങളും, മാനുഷികചിന്തകളുമെല്ലാം ഇതിവൃത്തമാക്കി ലഘുകവിതകളും കഥകളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ വിവിധ പത്രമാസികകള്‍, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്.

“സിംപിള്‍ സ്പിരിറ്റാലിറ്റി’ എന്ന പേരില്‍ ലഘു ആത്മീയ ചിന്താശകലങ്ങള്‍ ദിനംപ്രതി ഫേസ്ബുക്ക് പേജിലൂടെ ദീര്‍ഘനാള്‍ പ്രസിദ്ധീകരിച്ചിരുന്നു. എഴുത്തുകാരുടെ കൂട്ടായ്മയിലും ചര്‍ച്ചകളിലും സജീവസാന്നിദ്ധ്യമായിരുന്നു.

തോമസ് സാമുവല്‍ (ബാംഗ്ലൂര്‍), സി.എസ്. സാമുവല്‍ (എറണാകുളം), സി.എസ്. വര്‍ഗീസ്(എറണാകുളം), പരേതനായ സി.എസ്. നൈനാന്‍, ഏബ്രഹാം സാമുവല്‍(ബാംഗ്ലൂര്‍), പരേതരായ ശ്രീമതി മേരി(പുലിയൂര്‍), സൂസി (കൊഴുവല്ലൂര്‍), എന്നിവരാണ് സഹോദരീസഹോദരങ്ങള്‍.

സംസ്കാരം പിന്നീട് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും.

© 2025 Konni Vartha - Theme by
error: Content is protected !!