![](https://www.konnivartha.com/wp-content/uploads/2020/11/tdb-president-1-880x528.jpg)
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് സെസ്ക്
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്് അഡ്വ. എന്‍. വാസു പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാനുള്ള തീരുമാനം ഉണ്ട്. തിങ്കളാഴ്ചയോടെ ഈ വര്‍ധനവ് വരും. തീര്‍ഥാടകരുടെ എണ്ണം സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കും.
മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തില്‍ 13,529 ഭക്തരാണ് അയ്യപ്പദര്‍ശനം നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ഥാടനം ആരംഭിച്ചത്. വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്തവരില്‍ കോവിഡ് നെഗറ്റീവ് ആയ 1000 ഭക്തരെ മാത്രമാണ് ഇപ്പോള്‍ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ നിലയ്ക്കല്‍ 37 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഭക്തരും വിവിധ വകുപ്പുകളിലെ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. സന്നിധാനത്ത് ഒന്‍പതു ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് കേസുകളുടെ അനുപാതം താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര ആശങ്കയുണര്‍ത്തുന്ന കണക്ക് അല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സന്നിധാനത്ത് ദര്‍ശനം നടത്തി പോയ ഭക്തര്‍ക്ക് ആര്‍ക്കും ഇതുവരെയും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആരോഗ്യ വകുപ്പിനോടും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോടും, മറ്റ് വിദഗ്ധരോടും ആലോചിച്ചതിന് ശേഷം മാത്രമേ എത്ര പേരെ കൂടുതല്‍ അനുവദിക്കാനാകും എന്ന കാര്യത്തില്‍ തീരുമാനമാകൂവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കോടിക്ക് താഴെ മാത്രമാണ് ശബരിമലയിലെ ഇതുവരെയുള്ള വരുമാനം. സാധാരണ 50 കോടി വരെ വരുമാനം ലഭിക്കുന്ന സ്ഥാനത്താണിതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുള്ള തീര്‍ഥാടനമാണ് നടക്കുന്നത്. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ട്. സാനിറ്റൈസിംഗിനുള്ള സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരിടത്തും തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരെങ്കിലും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
വരുന്ന ഭക്തര്‍ക്ക് സുഖമായി ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്. എല്ലാ ഭക്തര്‍ക്കും അന്നദാനം നല്‍കുന്നുണ്ട്. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ അപ്പോള്‍ തന്നെ പരിശോധിക്കുവാനും പോസിറ്റീവാകുന്നവരെ ആശുപത്രിയിലേക്കോ, വരുന്ന വാഹനങ്ങളില്‍ തന്നെ നാട്ടിലെത്തിക്കുന്നതിനോ ഉള്ള സജ്ജീകരണമുണ്ട്. ഇതുവരെയുള്ള തീര്‍ഥാടനം സുഗമമായി മുന്നോട്ടു പോകുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.