Trending Now

ശബരിമലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

പുണ്യ ദര്‍ശനം : കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍@ അരുണ്‍ രാജ് /ശബരിമല 

പൂങ്കാവനത്തെ ശുചിയാക്കി   വിശുദ്ധിസേനാംഗങ്ങള്‍;ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത് 225 പേരെ

 

ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വ പൂര്‍ണമാക്കി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധിസേനാംഗങ്ങള്‍ കര്‍മനിരതരാണ്. ശുചീകരണത്തിനായി 225 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. അഖില ഭാരത അയ്യപ്പസേവാ സംഘം തമിഴ്‌നാട് യൂണിറ്റാണ് വിശുദ്ധിസേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറി അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാറാണ്.
സന്നിധാനം 100, പമ്പ 50, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഇന്‍സിനറേറ്ററില്‍ എത്തിച്ച് സംസ്‌ക്കരിക്കുന്നു. സന്നിധാനത്തെയും പമ്പയിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പമ്പയിലെത്തിച്ച് ശുചിത്വ മിഷന്‍ വഴി സംസ്‌ക്കരണത്തിനായി നല്‍കുന്നു.
വിശുദ്ധിസേനാംഗങ്ങളുടെ സേവനം 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വിശുദ്ധിസേനാംഗത്തിന് ഒരു ദിവസം എട്ട് മണിക്കൂറാണ് ജോലിസമയം. വിശുദ്ധിസേനാംഗങ്ങള്‍ക്ക് യൂണിഫോം, മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയുറ, പായ, പുതപ്പ്, സോപ്പ്, വെളിച്ചെണ്ണ, ഭക്ഷണ സൗകര്യം, താമസ സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കിയിട്ടുണ്ട്.
ശുചീകരണത്തിനായി വിശുദ്ധിസേനാംഗങ്ങള്‍ക്ക് ചൂല്, കോരി ഉള്‍പ്പെടെ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് സേവനത്തിനായി എത്തിയ കോവിഡ് പശ്ചാത്തലത്തില്‍ വിശുദ്ധിസേനാംഗങ്ങളെ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ക്വാറൈന്റെന്‍ കേന്ദ്രത്തില്‍ ഏഴ് ദിവസം നിരീക്ഷത്തില്‍ പാര്‍പ്പിച്ചിരുന്നു. നവംബര്‍ ഏഴു മുതല്‍ 14 വരെയാണ് വിശുദ്ധിസേനാംഗങ്ങള്‍ നിരീക്ഷണത്തിലിരുന്നത്. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ട് ഉറപ്പാക്കിയതിന് ശേഷമാണ് വിവിധ ഇടങ്ങളില്‍ സേവനത്തിന് നിയോഗിച്ചത്.

ശബരിമലയില്‍ കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കോവിഡ്-19 പ്രതിരോധ നടപടിയുടെ ഭാഗമായി ശബരിമല സന്നിധാനത്തെയും വലിയ നടപ്പന്തലിലെയും കൈവരികള്‍ അണുവിമുക്തമാക്കി. ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കൈവരികള്‍ അണുവിമുക്തമാക്കുന്നത്. നിശ്ചിത ഇടവേളകളില്‍ ശബരിമല വിശുദ്ധി സേനാംഗങ്ങള്‍ കൈവരികള്‍ ശുചിയാക്കും. ഇതിനായി ലിക്വിഡ് ക്ലോറിന്‍ ലായനിയാണ് ഉപയോഗിക്കുന്നത്.
ഭക്തര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള കൈവരികളാണ് ശുചീകരിക്കുന്നത്. വിശുദ്ധി സേനാംഗങ്ങള്‍ ചരല്‍മേട് മുതല്‍ സന്നിധാനം വരെയുള്ള റോഡും പരിസരപ്രദേശങ്ങളും ശുചിയാക്കുന്നുണ്ട്. മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് സന്നിധാനവും പരിസരങ്ങളും വിശുദ്ധി സേന ശുചീകരിക്കുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് പി.വി. സുധീഷ് പറഞ്ഞു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചിട്ടുള്ളത്.

ഭക്തര്‍ക്ക് സാന്ത്വനമേകി സന്നിധാനത്തും
പമ്പയിലും ആയുര്‍വേദ ആശുപത്രികള്‍

ശബരിമല തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ പമ്പയിലും സന്നിധാനത്തും പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ മുന്‍തൂക്കം നല്‍കുന്നത്. രോഗപ്രതിരോധത്തിനുള്ള എല്ലാ ആയുര്‍വേദ മരുന്നുകളും ആശുപത്രികളില്‍ ലഭ്യമാണ്. കൂടാതെ പകര്‍ച്ചവ്യാധി, അലര്‍ജി, ശാരീരിക അവശതകള്‍ക്കുള്ള മരുന്നുകളും നല്‍കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ സ്വാസ്ഥ്യം, സുഖയുഷ്യം പദ്ധതികള്‍ പ്രകാരമുള്ള മരുന്നുകളാണ് ആശുപത്രിയില്‍ നല്‍കുന്നത്. പമ്പയിലും സന്നിധാനത്തും ആരംഭിച്ചിരിക്കുന്ന ആയുര്‍വേദ ആശുപത്രികളില്‍ രണ്ട് ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ സ്റ്റാഫ്, പാരാമെഡിക്കല്‍ സ്റ്റാഫ്, തെറാപ്പിസ്റ്റ്, ക്ലിനിങ് സ്റ്റാഫ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് സേവനം നല്‍കുന്നതെന്ന് സന്നിധാനം ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീനി പറഞ്ഞു. തീര്‍ഥാടകര്‍ മതിയായ വിശ്രമത്തിന് ശേഷം മാത്രം മല കയറിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.