Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ സാന്നിധ്യത്തിലാണ് ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റത്. ഐഎഫ്എസ് ഉദ്യോഗസ്ഥനും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഓഫീസറുമായ കെ.ആര്‍. അനൂപാണ് ജില്ലയില്‍ ഇലക്ഷന്‍ ജനറല്‍ ഒബ്‌സര്‍വറായി(പൊതുനിരീക്ഷകന്‍) ചുമതലയേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതികള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ ഒബ്‌സര്‍വറെ അറിയിക്കാം.

പ്രധാന ഒബ്‌സര്‍വര്‍ക്കൊപ്പം രണ്ട് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരും(ചെലവ് നിരീക്ഷകര്‍) ചുമതലയേറ്റു. മൂന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരാകും ജില്ലയിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി എന്‍.ഗോപകുമാര്‍, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറി എം. അനില്‍ കുമാര്‍ എന്നിവരാണ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായി നിലവില്‍ ചുമതലയേറ്റിട്ടുള്ളത്.
മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം ബ്ലോക്ക് പരിധി, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ചുമതല എന്‍.ഗോപകുമാറിനും, പന്തളം, പറക്കോട് ബ്ലോക്ക് പരിധി, പന്തളം, അടൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ചുമതല എം. അനില്‍ കുമാറിനുമാണ്. ഇലന്തൂര്‍, റാന്നി, കോന്നി ബ്ലോക്ക് പരിധിയിയും പത്തനംതിട്ട മുനിസിപ്പാലിറ്റിയുമാണ് മൂന്നാമത്തെ ഒബ്സര്‍വറുടെ ചുമതല പരിധി.

ജില്ലാ പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാന്‍ കഴിയുന്ന തുക 1,50,000 രൂപയാണ്. ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തില്‍ 75,000 രൂപയും ഗ്രാമപഞ്ചായത്തു തലത്തില്‍ 25,000 രൂപയുമാണ് ചെലവാക്കാന്‍ കഴിയുക.