Trending Now

ബാലകൃഷ്ണന് കൂട്ട് കാട്ടുപോത്തും കാട്ടാനയും : കോന്നി കാടിന് നടുവില്‍ ഒരു പൂന്തോട്ടവും പച്ചക്കറി തോട്ടവും

ഗിരീഷ് വെട്ടൂര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ് ഡെസ്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി- അച്ചൻകോവിൽ കാനന പാതയിൽ കൊടും വനത്തില്‍ ഉള്ള വനം വകുപ്പിന്‍റെ നിരീക്ഷണ ക്യാമ്പു ഷെഡ് പരിസരം പച്ചക്കറി തോട്ടമായി പരിപാലിച്ചു വരുന്ന ബാലകൃഷ്ണന് അഭിനന്ദനം .

കോന്നി കല്ലേലി അച്ചന്‍ കോവില്‍ വനത്തില്‍ മണ്ണാറപ്പാറയിലാണ് മാതൃകാ പ്രവര്‍ത്തനം . ട്രഞ്ചിനുള്ളിലായുള്ള പച്ചക്കറി തോട്ടത്തിൽ കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, രാമച്ചം, കാച്ചിൽ, വഴുതന, കാന്താരി, ചേമ്പ്, പാഷൻ ഫ്രൂട്ട്, മുരിങ്ങ, പേര, കശുമാവ്, മാവ്, പ്ലാവ് എന്നിവയോടൊപ്പം നിരവധി ഔഷധ സസ്യങ്ങളും പരിപാലിക്കുന്നു.

ട്രഞ്ചിനുള്ളിലും പുറത്തുമായി പൂന്തോട്ടവുമുണ്ട്. 3 വർഷമായി ക്യാമ്പ് ഷെഡ്ഡിൽ വാച്ചർ ജോലി ചെയ്തു വരുന്ന ചേംബനരുവി സ്വദേശിയായ ബാലകൃഷ്ണനാണ് പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപിടിപ്പിച്ചത്. രാത്രി കാലങ്ങളിൽ ആനയും, കാട്ടുപോത്തുംമറ്റ് കാട്ടു മൃഗങ്ങളും ധാരാളം വിഹരിക്കുന്ന സ്ഥലമാണെങ്കിലും അവയൊന്നും ട്രഞ്ചിനു വെളിയിൽ പരിപാലിക്കുന്ന പൂന്തോട്ടം നശിപ്പിക്കാറില്ല .

ഭക്ഷണാവശ്യത്തിനുള്ള പച്ചക്കറിക്കായി വനത്തിൽക്കൂടിയുള്ള ദീർഘദൂരയാത്ര ഒഴിവാക്കാനാണ് ബാലകൃഷ്ണൻ പച്ചക്കറി കൃഷി ആരംഭിച്ചത്. നാട്ടിൽ നിന്നും കാട്ടിലേക്ക് വരുമ്പോൾ കൊണ്ടു വന്ന തൈകൾ പാകിയും കമ്പുകൾ നട്ടുമാണ് പൂന്തോട്ടം നിർമ്മിച്ചത്.ഷെഡിന് ചുറ്റും ആനകള്‍ കയറാതെ ഇരിക്കുവാന്‍ വലിയ കിടങ്ങുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് .ഇവിടെ ഇരുന്നാല്‍ സമീപത്ത് കൂടി കാട്ടാനയും കാട്ടുപോത്തും മേയുന്നത് കാണാം .
വന സംരക്ഷണത്തോടൊപ്പം കൃഷിയേയും പൂക്കളേയും സ്നേഹിക്കുന്ന ബാലകൃഷ്ണന് ഒരായിരം ഹരിതാഭിവാദ്യങ്ങൾ.