Trending Now

തദ്ദേശ തെരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി . കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സൂക്ഷ്മപരിശോധന നടക്കുക.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിർദ്ദേശ പത്രികകളുടെ എണ്ണം 1,52,292 . ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളുമാണ് ലഭിച്ചത്. 19,747 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 3,843 നാമനിർദ്ദേശ പത്രികകളും ലഭിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ റിട്ടേണിംഗ് ഓഫിസര്‍മാരുടേയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസര്‍മാരുടേയും നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടക്കുക. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിട്ടേണിംഗ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കു പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം മാത്രമേ സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും റിട്ടേണിംഗ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ എത്താവൂ. സ്ഥാനാര്‍ത്ഥിക്കും ഏജന്റിനും നിര്‍ദേശകനും മാത്രമാണ് സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് പ്രവേശനം. പരമാവധി 30 പേര്‍ മാത്രമേ ഒരു സമയം സൂക്ഷ്മ പരിശോധനാ ഹാളില്‍ ഉണ്ടാകാവൂ.

സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കര്‍ശനമായി സാമൂഹിക അകലം പാലിക്കണം. ഈ മാസം 12നാണ് പത്രികാ സമര്‍പ്പണം ആരംഭിച്ചത്. ഇതുവരെ 1,52,292 പത്രികകള്‍ ആണ് സമര്‍പ്പിക്കപ്പെട്ടത്. ഗ്രാമ പഞ്ചായത്തില്‍-14415, ബ്ലോക്ക്-12322, ജില്ലാ പഞ്ചായത്ത്-1865, മുനിസിപ്പാലിറ്റി-1974, കോര്‍പ്പറേഷന്‍- 3843 എന്നിങ്ങനെ ആണ് മറ്റിടങ്ങളിലെ നാമനിര്‍ദ്ദേശ പത്രികള്‍. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മലപ്പുറത്താണ് 18612 നാമനിര്‍ദേശ പത്രികകളാണ് മലപ്പുറത്ത് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കുറവ് പത്രികകള്‍ വയനാട്ടിലാണ്. 4821 പത്രികകളാണ് വയനാട്ടില്‍ സമര്‍പ്പിക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.