Trending Now

വ്യക്തമായ കാരണങ്ങളില്ലാതെ നാമനിര്‍ദ്ദേശപത്രിക നിരസിക്കില്ല

 

നാമനിര്‍ദ്ദേശ പത്രിക നിരസിക്കുന്നത് ആക്ടുകള്‍ വ്യക്തമായി പരിശോധിച്ചതിനു ശേഷമായിരിക്കും. കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ സൂക്ഷ്മ പരിശോധനയില്‍ നിരസിക്കുകയുള്ളൂ.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാര്‍ത്ഥി അപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്നകാര്യത്തില്‍ അയോഗ്യനാണെന്നോ വ്യക്തമായാല്‍ നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും. സ്ഥാനാര്‍ത്ഥിയോ അല്ലെങ്കില്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവ നിരസിക്കപ്പെടും.

നാമനിര്‍ദ്ദേശപത്രിക നിശ്ചിത 2-ാം നമ്പര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിച്ചിട്ടില്ലെങ്കിലും നാമനിര്‍ദ്ദേശപത്രികയില്‍ സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശം ചെയ്തയാളും ഒപ്പിട്ടില്ലെങ്കിലും നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും.

സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും നിയോജകമണ്ഡലം (വാര്‍ഡിലെ) വോട്ടര്‍ ആയിരിക്കേണ്ടതും എന്നാല്‍ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന നിയോജക കമണ്ഡലത്തിലെയോ വാര്‍ഡിലെയോ വോട്ടര്‍ ആയിരിക്കേണ്ടതാണ്.

ഒരാള്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയും നിരസിക്കും. കൂടാതെ സ്ഥാനാര്‍ത്ഥി യഥാവിധി പണം കെട്ടിവച്ചില്ലെങ്കിലും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ ചെയ്ത് ഒപ്പിട്ടില്ലെങ്കിലും നിരസിക്കും.

സ്ത്രീക്കോ പട്ടികജാതിക്കോ പട്ടികവര്‍ഗ്ഗത്തിനോ ആയി സംവരണം ചെയ്തിട്ടുള്ള നിയോജകമണ്ഡലത്തിലേക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രികയില്‍ വയസ് കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും നിരസിക്കും.

സ്ഥാനാര്‍ത്ഥി വേറെഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത് ബന്ധപ്പെട്ട വോട്ടര്‍പട്ടികയോ പ്രസക്ത ഭാഗമോ പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദ്ദേശ പത്രികക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മപരിശോധനാ സമയത്തോ ഹാജരാക്കിയില്ലെങ്കിലും നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും.

ഒരു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതാണ്.

ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്.

സ്വീകരിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികളുടെ കാര്യത്തില്‍ അവ സ്വീകരിക്കാനിടയായ കാരണങ്ങള്‍ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാല്‍ ഒരു നാമനിര്‍ദ്ദേശ പത്രിക സ്വീകരിപ്പെടുന്നതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളില്‍ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതുണ്ട്.

error: Content is protected !!