കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ജില്ലാതല, താലൂക്ക്തല ആന്റി-ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലാ തലത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിയാണ് നോഡല്‍ ഓഫീസര്‍. താലൂക്കുതലത്തില്‍ തഹസില്‍ദാര്‍മാരാണ് നോഡല്‍ ഓഫീസര്‍മാര്‍. കോഴഞ്ചേരി, കോന്നി, റാന്നി, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ തഹസില്‍ദാര്‍മാരായ കെ. ഓമനക്കുട്ടന്‍ നായര്‍, സുരേഷ്‌കുമാര്‍, കെ. നവീന്‍ ബാബു, ബീന എസ് ഹനീഫ്, പി ജോണ്‍ വര്‍ഗീസ്, എം.ടി ജയിംസ് എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍.
മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയാല്‍ അവ തടയുന്നതിനും നടപടി എടുക്കുന്നതിനുമാണ് സ്‌കോഡ് രൂപികരിച്ചിരിക്കുന്നത്. ചട്ടം ലംഘിച്ച് സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍, ബാനര്‍, പോസ്റ്റര്‍, നോട്ടീസ്, മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിവ പരിശോധിച്ച് ചട്ടലംഘനം ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ഈ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഉപയോഗിച്ചാലും സ്‌ക്വാഡിന്റെ പിടിവീഴും.