തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി. കൊവിഡ് സാഹചര്യമായതിനാല്‍ വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് ഒരു ദിവസം മലകയറാനാവുക. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവ കാലം.
മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബര്‍ 30ന് തുറക്കും. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ആണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു .
പൈതൃകസ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ പരിഗണന നല്‍കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുണ്യം പൂങ്കാവനം പദ്ധതിയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പ്രകാശനം ചെയ്തു. ശബരിമല മേല്‍ശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി റെജികുമാര്‍ നമ്പൂതിരി, ഐ.ജിമാരായ എസ്.ശ്രീജിത്ത്, പി.വിജയന്‍, തമിഴ് നാട് മുന്‍ചീഫ് സെക്രട്ടറി ശാന്ത ഷീലാ നായര്‍, സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി.കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഐജി പി.വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടേയും വോളന്റിയര്‍മാരുടേയും സംഘം ഭസ്മക്കുളവും പരിസരപ്രദേശങ്ങളും ശുചീകരിച്ചു.