ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശേരിക്കര പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം തുടങ്ങി. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു. തീര്‍ഥാടനത്തോടനുബന്ധിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും അതതു സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായും, ഒരുക്കങ്ങളും സൗകര്യങ്ങളെയും കുറിച്ച് ശബരിമല ദേവസ്വം കമ്മീഷണറുമായി ചര്‍ച്ച നടത്തിയതായും ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ, ദിവസവും 1000 പേര്‍ക്കാണ് ഇത്തരത്തില്‍ മലകയറാന്‍ അനുമതിയുള്ളത്. പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുവദിക്കില്ല, 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഇല്ലാത്തവര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനും, സാനിറ്റേഷന്‍ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പാസ്‌നാനം അനുവദിക്കില്ല, ഷവര്‍ ബാത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. നിലയ്ക്കലില്‍ പായവിരിച്ചു കിടക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ നിലയ്ക്കലില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. പമ്പയില്‍ ആളെ ഇറക്കിയ ശേഷം നിലയ്ക്കലെത്തി അവിടെ പാര്‍ക്ക് ചെയ്യണം. ദര്‍ശനം കഴിഞ്ഞാലുടനെ ഭക്തര്‍ തിരികെപോകുന്നു എന്നതും, കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നു എന്നതും ഉറപ്പാക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.
പോലീസുദ്യോഗസ്ഥര്‍ എല്ലാവിധ കോവിഡ് സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചുവേണം ഡ്യൂട്ടി നോക്കേണ്ടത്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗത്തില്‍ ഭക്തര്‍ സൂക്ഷ്മത കാട്ടണം, ഉത്സവകാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. പോലീസ് സൂപ്രണ്ട് എ.യു സുനില്‍കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ. എസ.് പി: ആര്‍. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.