Trending Now

മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ

 

മണ്ഡലകാല പൂജകൾക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.

തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാർമികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ നടക്കുക.

രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻ കരുതലിന്റെ ഭാഗമായി ഈ വർഷം തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം. വലിയതമ്പുരാൻ രേവതിനാൾ പി.രാമവർമ്മരാജയുടേയും മുതിർന്ന അംഗങ്ങളുടേയും നിർദേശപ്രകാരമാണ് തീരുമാനമെന്ന് കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ അറിയിച്ചു.

മണ്ഡല പൂജാ ഉത്സവവും ധനു 28-നുള്ള തിരുവാഭരണ ഘോഷയാത്രയും ആചാരങ്ങളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കും.

error: Content is protected !!