ആലുവയിൽ വ്യാജ ഡോക്ടർ പിടിയിൽ. ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടറാണ് പോലിസ് പിടിയിലായത്. റാന്നി ചെറുകുളഞ്ഞി സംഗീത ബാലകൃഷ്ണൻ ആണ് പിടിയിലായത്.
രണ്ടു മാസമായി ഇവർ ഇവിടെ ചികിത്സ നടത്തി വരുന്നു.ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പോലിസ് പരിശോധനക്കെത്തുമ്പോൾ സംഗീത രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞു. ഫാർമസി ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമാണ് ഇവർക്കുള്ളതെന്നും പോലിസിനോട് സമ്മതിച്ചു.
എടത്തല പോലീസ് ഇൻസ്പെക്ടർ പിജെ നോബിളിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കൊറോണ പരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എസ് പി കെ കാർത്തിക് പറഞ്ഞു.
അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ.
മഞ്ഞപ്ര സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി അജയ് രാജാണ് അറസ്റ്റിലായത്.
ആലുവ കോമ്പാറയിൽ വ്യാജ വനിതാ ഡോക്ടർ പിടിയിലായതിന്റെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജയ് രാജ് കുടുങ്ങിയത്. മൂന്നു മാസം മുൻപാണ് ഇയാൾ മഞ്ഞപ്ര ആശുപത്രിയിൽ ജോലിക്ക് കയറിയത് ഇയാളുടെ ഭാര്യ ആയുർവേദ ഡോക്ടറും പിതാവ് അലോപ്പതി ഡോക്ടറുമാണ് ഫിലോമിന ആശുപത്രിയുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.