48 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തു
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. ശബരിമലയിൽ ഇത്തവണ കർശന കോവിഡ് മാർഗ നിർദേശങ്ങളോടെയാണ് തീർത്ഥാടനം.
ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീർത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ശബരിമല തീർത്ഥാടനകാലം സുരക്ഷിതമായിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.
വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് വിന്യസിച്ചു വരുന്നു. അസിസ്റ്റന്റ് സർജൻമാർക്ക് പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ് വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ആരോഗ്യവകുപ്പിൽ നിന്ന് 1000ത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലകാലത്ത് നിയമിക്കും.
ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, കോവിഡ് ബ്രിഗേഡ് എന്നിവയിൽ നിന്നാണ് ജീവനക്കാരെ നിയമിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഒരാഴ്ച റൊട്ടേഷനിലും മറ്റ് ജീവനക്കാർ 15 ദിവസം റൊട്ടേഷനിലുമാണ് സേവനമനുഷ്ഠിക്കുക.
പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർത്ഥാടകർക്ക് നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത് ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലും സൗകര്യങ്ങളൊരുക്കി വരുന്നു. ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള മെഡിക്കൽ കോളേജ് എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്ക് മികച്ച സൗകര്യമൊരുക്കും.
വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനവും ലഭിക്കും. നിലയ്ക്കൽ 6, പമ്പ 10, ഇലവുങ്കൽ 1, റാന്നി പെരിനാട് 1, വടശേരിക്കര 1, പന്തളം 1 എന്നിങ്ങനെ 20 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
തീർത്ഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 48 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിൽ 21 ആശുപത്രികളും കോട്ടയത്ത് 27 ആശുപത്രികളുമാണ് എംപാനൽ ചെയ്തത്. കാസ്പ് കാർഡുള്ള തീർത്ഥാടകർക്ക് എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാം. കേരളത്തിന് പുറത്ത് നിന്ന് വരുന്ന പി.എം. ജെ.എ.വൈ. കാർഡുള്ളവർക്കും ഈ സേവനം ലഭ്യമാണ്.
എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രയ്ക്കിടയിൽ പല സ്ഥലങ്ങളിലായി സ്ഥാപിക്കും. തളർച്ച അനുഭവപ്പെടുന്ന തീർത്ഥാടർക്ക് വിശ്രമിക്കാനും, ഓക്സിജൻ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷർ നോക്കുന്നതിനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതമുണ്ടായാൽ ചികിത്സിക്കുന്നതിന് ആട്ടോമേറ്റഡ് എക്സറ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. യാത്രാവേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാം.
ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളുടേയും സംസ്ഥാനതല മേൽനോട്ടചുമതല. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, നോഡൽ ഓഫീസർ, ഒരു അസി. നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർ അതത് ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസർമാരായി പ്രവർത്തിക്കും.