4.39 കോടി വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കി

രാജ്യത്തെ പൊതുവിതരണ സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായും കാര്യക്ഷമവും , കൃത്രിമ രഹിതവും, സുതാര്യവുമായ വിതരണ സംവിധാനം നടപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയും ഗുണഭോക്താക്കളുടെ റേഷൻ കാർഡുകളുടേയും ഡാറ്റാബേസുകളുടേയും ഡിജിറ്റൈസേഷൻ, ആധാർ ബന്ധിപ്പിക്കൽ, അർഹതയില്ലാത്ത വ്യാജ റേഷൻ കാർഡുകൾ കണ്ടെത്തൽ, രാജ്യത്തുടനീളമുള്ള സാങ്കേതികവിദ്യാധിഷ്ഠിത പൊതു വിതരണ സമ്പ്രദായങ്ങളുടെ പരിഷ്കാരങ്ങൾ എന്നിവ യാഥാർഥ്യമാക്കിയതോടെ എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2013 മുതൽ 2020 വരെയുള്ള കാലയളവിൽ രാജ്യമാകമാനം 4.39 കോടി അനർഹ വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കിയതായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു .

കൂടാതെ, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ലക്ഷ്യമിട്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കൾക്കും റേഷൻ ലഭ്യമാക്കാൻ ഇതിലൂടെ നടപടി സ്വീകരിക്കുകയും ചെയ്തു.

2011 ലെ സെൻസസ് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് വരുന്ന അർഹരായ 81.35 കോടി ജനങ്ങൾക്ക് ഉയർന്ന സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വഴിയൊരുക്കുന്നു.

നിലവിൽ, ഭക്ഷ്യധാന്യങ്ങളായ അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ എന്നിവ ഉയർന്ന സബ്‌സിഡിയിൽ നൽകിയി വരുന്നു. പ്രതിമാസം കിലോയ്ക്ക് യഥാക്രമം 3, 2, 1 രൂപ നിരക്കിലാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്.