ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയവും വിശ്രമ കേന്ദ്രവും പൂര്‍ത്തീകരിച്ച കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ് ഉപഹാരം ഏറ്റുവാങ്ങി. മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ഈ പ്രവൃത്തി മാത്യകാപരമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇത്തരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു.
മുന്‍പുണ്ടായിരുന്ന ടോയ്‌ലറ്റ് കേന്ദ്രത്തെ നാല് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നവീകരിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കൊടുമണ്‍ സ്റ്റേഡിയത്തിനു സമീപത്തായി ആരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും ടോയ്‌ലറ്റില്‍ നാപ്കിന്‍ ഡിസ്‌ട്രോയര്‍ സൗകര്യവുമുണ്ട്. ഇതോടൊപ്പം വിശ്രമകേന്ദ്രത്തിന് സമീപത്തായി സന്ദര്‍ശകര്‍ക്ക് ലഘുഭക്ഷണമൊരുക്കി കുടുംബശ്രീ കഫേയും പ്രവര്‍ത്തിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ് കുമാര്‍ അസിസ്റ്റന്റ് സെക്രട്ടറി അനില്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിന്ദു, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.