രണ്ടു മാസത്തിനകം 61,290 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
ഡിസംബർ അവസാനിക്കുന്നതിനു മുമ്പ് 50,000 തൊഴിലവസരം കൂടി
നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം മറികടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടു മാസം പിന്നിടുമ്പോൾ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഡിസംബർ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. അങ്ങനെ നാലു മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ വകുപ്പുകൾ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 19,607 പേർക്ക് തൊഴിൽ നൽകി. ഇതിൽ താൽക്കാലിക ജീവനക്കാരും ഉൾപ്പെടും. ഇതിനു പുറമെ സർക്കാരിൽ നിന്നോ ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ തുടങ്ങിയിട്ടുള്ള സംരംഭങ്ങളിൽ 41,683 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
സംരംഭകത്വ മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാവ് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി 19,135 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകി. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിലാണ് 6965 പേർ. സെപ്തംബറിനുശേഷം തുടങ്ങിയ ജനകീയ ഹോട്ടലുകളിൽ 613 പേർക്ക് തൊഴിലായി. ഹോം ഷോപ്പികളിലും വിപണന കിയോസ്‌കുകളിലുമായി 2620 പേർ. മൃഗസംരക്ഷണത്തിൽ 2153 പേർ. 1503 പേർ കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളിലാണ്. തൊഴിലവസര സൃഷ്ടിക്കുവേണ്ടി അതിവിപുലമായ ഒരു പരിപാടിയാണ് കുടുംബശ്രീ ആവിഷ്‌കരിച്ചിട്ടുള്ളത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് താൽപ്പര്യമുള്ളവരുടെ പൊതുഅവബോധ പരിശീലനം നടത്തുവാൻ പോവുകയാണ്. അയൽക്കൂട്ടങ്ങളിൽ നടത്തിയ കാമ്പയിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ പേർ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതു പൂർത്തിയാക്കുന്നവർക്ക് സംരംഭകത്വ പരിശീലനമോ നൈപുണി പോഷണമോ നൽകും. കെ.എഫ്.സിയിൽ നിന്ന് വായ്പയും കുടുംബശ്രീയുടെ സഹായവും ലഭ്യമാക്കും.
സംരംഭകത്വ മേഖലയിൽ 12,325 തൊഴിലുകൾ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി 1.01 ലക്ഷം പേർക്ക് 4525 കോടി രൂപ അധികവായ്പയായി ലഭിച്ചതിൽ 1200 അധിക തൊഴിൽ കണക്കാക്കപ്പെടുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയുള്ള വ്യവസായ യൂണിറ്റുകളും കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ ആരംഭിച്ച യൂണിറ്റുകളും ഉൾപ്പെടെയാണ് ഇത്രയും തൊഴിലുകൾ സൃഷ്ടിച്ചത്.
കേരള ഫിനാൻഷ്യൽ കോർപറേഷൻ മുഖേന വായ്പയെടുത്ത 500 സംരംഭങ്ങളിൽ 1602 പേർക്ക് തൊഴിൽ ലഭിച്ചു. ഇതുപോലെ പിന്നാക്ക സമുദായ കോർപറേഷന്റെ സംരംഭക വായ്പയിൽ നിന്ന് 1490 ഉം സഹകരണ സംഘങ്ങൾ നൽകിയ വായ്പയിൽ നിന്ന് 4030 ഉം മത്സ്യബന്ധന വകുപ്പിൽ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തിൽ 842 ഉം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനുകളിലും മറ്റുമായി 782 പേർക്ക് ജോലി ലഭിച്ചു.
ഇതിനുപുറമേ, നേരിട്ട് ജോലി നൽകിയതിൽ മുന്നിൽ നിൽക്കുന്നത് സപ്ലൈകോ ആണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ 7900ൽപ്പരം പേർക്ക് ഭക്ഷ്യകിറ്റുകൾ പായ്ക്കു ചെയ്യുന്നതിന് സെപ്തംബർ മുതൽ താൽക്കാലിക ജോലി നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിൽ 4962 പേർക്കാണ് ജോലി ലഭിച്ചത്. ഇതിൽ എയിഡഡ് സ്‌കൂളുകളിലെ 3139 ഉം ഹയർ സെക്കൻഡറിയിലെ 92 ഉം വിഎച്ച്എസ് സിയിലെ 23 ഉം നിയമനങ്ങൾ ഉൾപ്പെടുന്നു.
കെഎസ്എഫ്ഇയിൽ 774 പേർക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചു. ആരോഗ്യവകുപ്പിൽ 3069 പേർക്കാണ് ജോലി ലഭിച്ചത്. ഇതിൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ 2491 താൽക്കാലിക നിയമനങ്ങളും ഉൾപ്പെടും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ 453 പേർക്ക് ജോലി ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിൽ 180 പേർക്കും.
കാർഷികേതരമേഖലയിൽ ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളിലും 1000 പേർക്കുവീതം തൊഴിൽ നൽകുന്നതിന് ഒരു പരിപാടി ബജറ്റിൽ പ്രഖ്യാപിച്ചതാണ്. അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് സംഭവവികാസങ്ങൾ ഈ പരിപാടിക്ക് വിലങ്ങുതടിയായി. ഈയൊരു സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ 100 ദിവസം കൊണ്ട് കാർഷികേതര മേഖലയിൽ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ലോകമെങ്ങും തൊഴിലവസരങ്ങൾ കുറയുമ്പോൾ നാം കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മാതൃക കാട്ടുന്നത് അഭിമാനകരമായ നേട്ടമാണ്.
അതോടൊപ്പം സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും കാർഷിക, മത്സ്യമേഖലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനു പുറമെ കാർഷികേതര മേഖലയിലും തൊഴിലവസരങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.