മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു
കോന്നി വാര്‍ത്ത : നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണം കാഴ്ച്ചവയ്ക്കുന്നതെന്ന് സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയിലെ വൈദ്യുതീകരണം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് 19, നിപ, രണ്ട് പ്രളയങ്ങള്‍, കടല്‍ ക്ഷോഭം തുടങ്ങി നിരവധി പ്രതിസന്ധികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അതിജീവിച്ചു. ആത്മ വിശ്വാസത്തോടെയാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതിന്റെ അവസാന ഘട്ടത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിരവധി നൂതന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കി. പതിനാല് ദിവസത്തിനകം നാല്‍പ്പത് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വി.എസ് അച്ച്യുതാനന്ദന്റെ കാലഘട്ടത്തില്‍ പ്രഖ്യാപിച്ചതാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം. ഇതിനായി കുറഞ്ഞത് ഒരുകോടി രൂപ കെഎസ്ഇബി നീക്കിവച്ചു. കേരളത്തിലെ 87 നിയോജക മണ്ഡലത്തിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പായി. പാലക്കാടാണ് ആദ്യം നടപ്പാക്കിയത്. പിന്നീട് എം.എം മണി വൈദ്യുതി വകുപ്പ് മന്ത്രി ആയതിന് ശേഷമാണ് ഇത് പൂര്‍ത്തീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വൈദ്യുതീകരിച്ചത്. സാധാരണ നിലയില്‍ ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവണിപ്പാറയില്‍ വൈദ്യുതി എത്തിക്കുന്നത്
1.57 കോടി രൂപ ഉപയോഗിച്ച്: മന്ത്രി എം.എം മണി
വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് ആവണിപ്പാറയില്‍ വൈദ്യുതി എത്തിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. യോഗത്തില്‍ ഓണ്‍ലൈന്‍ ആയി അധ്യക്ഷനായിരുന്നു അദ്ദേഹം. അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കോന്നി വിജയകുമാര്‍, സിന്ധു, കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ എസ്.രാജ്കുമാര്‍, റാന്നി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സുധീര്‍ എസ്.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
കോളനിയില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി എത്തിക്കുമെന്ന
വാഗ്ദാനം പാലിച്ച് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ
അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ യുടെ നിരന്തര പരിശ്രമഫലമായും ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ടയോടെയുള്ള പ്രവര്‍ത്തനഫലമായാണ് കോളനിയില്‍ സമയബദ്ധിതമായി വൈദ്യുതി എത്തിയത്. പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും 1.57 കോടി രൂപ അനുവദിപ്പിച്ചാണ് വനത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ വൈദ്യുതി എത്തിച്ചത്. ജനീഷ് കുമാര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോളനിയില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി എത്തിച്ചു നല്ക്കുമെന്ന് വാഗ്ദാനം നല്കിയിരുന്നു
33 കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്. 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ മൂഴി വരെ 1.8 കിലോമീറ്റര്‍ ദൂരം ഓവര്‍ ഹെഡ് എബിസി കേബിളും,
മൂഴി മുതല്‍ കോളനിയ്ക്ക് മറുകരയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരം വരെയുള്ള 5 കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റര്‍ ദൂരം എല്‍റ്റി എബിസി കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. ആറിനു കുറുകെ കേബിള്‍ വലിക്കുന്ന ജോലി വലിയ ശ്രമകരമായിരുന്നു. ഇരുകരകളിലും പോസ്റ്റ് സ്ഥാപിച്ച് കുറുകെ കമ്പിയിട്ട് അതില്‍ കപ്പി സ്ഥാപിച്ചാണ് ആറിനു കുറുകെ കേബിള്‍ ഇട്ടത്. അച്ചന്‍കോവില്‍ ആറില്‍ ജല നിരപ്പ് ഉയര്‍ന്നതും ജോലി ദുഷ്‌കരമാക്കി.
കോളനിക്കുള്ളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. കോളനിക്കുള്ളില്‍ 35 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കോളനിയിലെ 33 വീടുകള്‍ക്കും അംഗന്‍വാടിക്കും കണക്ഷന്‍ നല്കി. ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനും കണക്ഷന്‍ നല്കും. വീടുകള്‍ക്കുള്ള വയറിംഗ് ജോലികള്‍ ഗ്രാമ പഞ്ചായത്ത് നടത്തി നല്കിയിരുന്നു.