പടിഞ്ഞാറത്തറ പൊലീസ് പരിധിയില്‍ ബാണാസുര മലനിരകളില്‍പ്പെട്ട വാളാരം കുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പതിവ് പട്രോളിങ്ങിനെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചുള്ള തണ്ടര്‍ബോള്‍ട്ടിന്റെ വെടിവയ്‌പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.
ആറ് അംഗ സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ടത് മലയാളിയല്ലെന്നാണ് ലഭിക്കുന്ന ആദ്യവിവരം. കൊല്ലപ്പെട്ടയാളില്‍നിന്നും ഇരട്ടക്കുഴല്‍ തോക്കും ലഘുലേഖയും പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകള്‍ സ്ഥിരമായി താവളമാക്കുന്ന കേന്ദ്രമാണ് ബാണാസുര മല. നിലമ്പൂര്‍ വെടിവയ്‌പ്പിന്റെ വാര്‍ഷികത്തില്‍ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നു. സൂചന ലഭിച്ചതിനെ തുടര്‍ന്ന് ശക്തമായ നിരീക്ഷണം നടത്തി ഈ പദ്ധതി പൊലീസ് തടയുകയായിരുന്നു.