Trending Now

അത്യാധുനിക സൗകര്യങ്ങുമായി കോഴഞ്ചേരി റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ്

 

കോന്നി വാര്‍ത്ത : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 2019 -ല്‍ ആരംഭിച്ച റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് ഏറ്റവും മികച്ച സംവിധാനം. പത്തനംതിട്ട ജില്ലയുടെ ചിരകാല അഭിലാഷമായ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് ഇരുനില കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണു പ്രവര്‍ത്തിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ സാധാരണ ജനങ്ങള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ ലാബ് പരിശോധനകള്‍ മികവുറ്റതും കൃത്യവുമായി ലഭിക്കാനും ചികിത്സ വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും. ലാബില്‍ ഹെമറ്റോളജി, ക്ലിനിക്കല്‍ പതോളജി, ബയോകെമസ്ട്രി, സിറോളജി മുതലായ വിഭാഗങ്ങളിലെ സേവനങ്ങളും തൈറോയ്ഡ് രക്തപരിശോധനയും ലഭ്യമാണ്. നിലവില്‍ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. ഹെമറ്റോളജി, ക്ലിനിക്കല്‍ പതോളജി, ബയോകെമസ്ട്രി, സിറോളജി, തൈറോയിഡ് ടെസ്റ്റുകള്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് കുറഞ്ഞനിരക്കിലും പരിശോധന ലഭിക്കും. ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 വയസു വരെയുളള കുട്ടികള്‍ക്ക് എല്ലാവിധ ടെസ്റ്റുകളും ഇവിടെ സൗജന്യമായി ലഭിക്കും. രക്തപരിശോധനകള്‍ കൂടാതെ പെരിഫറല്‍ സ്മിയര്‍, ലിപിഡ് പ്രൊഫൈല്‍ എല്‍എഫ്ടി, ആര്‍എഫ്ടി, സോഡിയം, പൊട്ടാത്സ്യം, കാല്‍സ്യം, ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റെറ്റിസ്, ടൈഫോയിഡ്, ചിക്കുന്‍ ഗുനിയ, സിആര്‍പി തുടങ്ങിയ പരിശോധനയും ഇവിടെ ലഭ്യമാണ്.
ആര്‍ദ്രം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടമാണ് സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഡയാലിസിസ് യൂണിറ്റില്‍ ഉന്നതനിലവാരത്തിലുളള പുതിയ അഞ്ചു മെഷീനുകള്‍ കൂടി ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ മുതല്‍ മുടക്കി കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച ഡയാലിസിസ് യൂണിറ്റില്‍ മൂന്ന് ഷിഫ്റ്റുകളിലായി ദിവസം 36 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. വികസനകുതിപ്പിലേയ്ക്ക് നീങ്ങുന്ന ജില്ലയിലെ മികച്ച സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ കോഴഞ്ചേരി ജില്ലാ ആശുപത്രി ആതുരസേവന രംഗത്ത് മികവിന്റെ കേന്ദ്രമായി മാറുകയാണ്.

error: Content is protected !!