പ്രമാടം വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ആധുനീക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണം വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന മേഖല വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണെന്നും കേരളത്തില്‍ 12 ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നത് എന്നും ജനങ്ങളുടെ ജീവിതവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന മേഖലയാണ് മൃഗസംരക്ഷണ മേഖലയെന്നും മന്ത്രി കെ.രാജു പറഞ്ഞു.
പാവപ്പെട്ടവരുടെ ജീവിതമാര്‍ഗമായാണ് കേരളത്തില്‍ മൃഗസംരക്ഷണ പരിപാലനം നടത്തിവരുന്നത്. കോവിഡ് മഹാമാരിയെത്തുര്‍ന്ന് ഭക്ഷ്യക്ഷാമം അനുഭവപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുഭിക്ഷാപദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ ക്ഷീര മേഖലക്ക് 218 കോടി രൂപയുടെ പദ്ധതികളാണു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുരയിട കൃഷിക്ക് പ്രാധാന്യം നല്‍കി ഭക്ഷ്യ വസ്തുക്കള്‍ സ്വയം നിര്‍മ്മിക്കാന്‍ നമുക്ക് കഴിയണമെന്നും ഭക്ഷ്യ സുഭിക്ഷാപദ്ധതിയുടെ ഭാഗമായി കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. പാല്‍, മുട്ട, മാംസം, പച്ചക്കറി എന്നിവയുടെ ഉത്പാദനവും അവയുടെ പ്രാധാന്യവും മനസിലാക്കി ജനങ്ങള്‍ കൃഷിയുമായി മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണ്. പ്രമാടം പഞ്ചായത്തിലെ എല്ലാവീടുകളിലും പശു വളര്‍ത്തല്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞകാലങ്ങളില്‍ നടത്തിയിട്ടുള്ള ഊര്‍ജസ്വലമായ ഇടപെടലുകളുടെ ഭാഗമായാണ് ആധുനീക സംവിധാനങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രികള്‍ പ്രമാടം ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നിര്‍മ്മിച്ച് നാടിന് സമര്‍പ്പിക്കാനായതെന്ന് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് കേരള മൃഗസംരക്ഷണവകുപ്പിന്റെ 2017-2018 വാര്‍ഷിക പദ്ധതി വിഹിതമായ 54 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വിശ്വംഭരന്‍, പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലിയമ്മ, കെ.എം മോഹനന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എം ദിലീപ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ആര്‍ ജയന്‍, സുശീല അജി, ബി. രാജേന്ദ്രന്‍ പിള്ള, ഗിരീഷ് കളഭം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉമ്മന്‍ പി.രാജ്, പ്രമാടം വെറ്റിനറി ഡിസ്‌പെന്‍സറി വെറ്റിനറി സര്‍ജന്‍ ഡോ. ഷീന ഗ്രേസ് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.