കോന്നി വാര്‍ത്ത :റോഡ് നിർമ്മാണം വേഗത്തിലാക്കാൻ പൈപ്പ് സ്ഥാപിക്കലും, വൈദ്യുത കേബിൾ സ്ഥാപിക്കലും ഈ മാസം തന്നെ പൂർത്തിയാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശബരിമല പദ്ധതിയിലുൾപ്പെടുത്തി 6 കോടി രൂപ മുടക്കി ബി.എം.ആൻറ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതാണ് പദ്ധതി.
നിർമ്മാണത്തിന് ടെൻഡർ നല്കിയെങ്കിലും ശബരിമല ബേസ് ക്യാമ്പായ നിലയ്ക്കലിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പൈപ്പ് റോഡിൽ കൂടി സ്ഥാപിക്കേണ്ടതിനാലും, വൈദ്യുത കേബിൾ സ്ഥാപിക്കേണ്ടതിനാലും അവയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം റോഡ് നിർമ്മാണം നടത്താം എന്ന് പൊതുമരാമത്ത് വകുപ്പ് തീരുമാനിയ്ക്കുകയായിരുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനു കാലതാമസം വന്ന സാഹചര്യത്തിലാണ് എം.എൽ.എ ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനം നടത്തിയത്.
റോഡിൽ പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ജോലിയ്ക്ക് വേഗതയില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. കൂടുതൽ ജീവനക്കാരെ ഉപയോഗിച്ചും, മെഷീനുകൾ ഉപയോഗിച്ചും പൈപ്പ് സ്ഥാപിക്കൽ ഈ മാസം തന്നെ പൂർത്തിയാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
നിർമ്മാണത്തിലെ കാലതാമസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
കുടിവെള്ള പദ്ധതിയുടെ ഭാഗമായി തന്നെ ഇലക്ട്രിസിറ്റി ബോർഡ് 11 കെ.വിയുടെ യു.ജി. കേബിൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നുണ്ട്. ഇലക്ട്രിസിറ്റിയുടെ ജോലികൾ വളരെ വേഗത്തിൽ നടക്കുന്നതായി യോഗം വിലയിരുത്തി.ഈ മാസം തന്നെ കേബിൾ സ്ഥാപിക്കൽ ജോലികൾ പൂർത്തീകരിക്കുമെന്ന് ഇലക്ട്രിസിറ്റി ബോർഡ് പ്രൊജക്ട് വിഭാഗം എക്സി.എഞ്ചിനീയർ യോഗത്തെ അറിയിച്ചു.
പൊതുമരാമത്ത് റോഡ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെ തുടർന്ന് പുനർനിർമ്മിക്കുന്നതിനായി 3.5 കോടി രൂപ കേരളാ വാട്ടർ അതോറിറ്റി പി.ഡബ്ളിയു.ഡിയ്ക്ക് അടച്ചിട്ടുണ്ട്. ഈ തുക റോഡ് ഉപയോഗിച്ച് റോഡിലെ കുഴികൾ മാറ്റി ഗതാഗത യോഗ്യമാക്കിയ ശേഷമായിരിക്കും ബി.എം.ആൻറ് ബി.സി നിർമ്മാണം ആരംഭിക്കുക.
റോഡിലെ പൈപ്പ് ലൈൻ, കേബിൾ വർക്കുകൾ ഈ മാസം തന്നെ പൂർത്തിയാക്കി റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കി നല്‌കണമെന്ന് എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.നിർമ്മാണത്തിൽ കാലതാമസമുണ്ടായാൽ സർക്കാരിൽ അറിയിച്ച് കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.നിർമ്മാണം നടക്കുന്ന പ്രദേശങ്ങൾ എം.എൽ.എയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു.
യോഗത്തിൽ സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡൻ്റ് പി.ആർ.പ്രമോദ്, പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ ഷീന രാജൻ, അസി.എക്സി.
എഞ്ചിനീയർ ശ്രീലത, അസി.എഞ്ചിനീയർ ഷാജി ജോൺ, വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗം എക്സി.എഞ്ചിനീയർ എം.രേഖ, അസി.എക്സി.എഞ്ചിനീയർ അനിൽ, അസി.എഞ്ചിനീയർ എ.കുഞ്ഞുമോൻ, കെ.എസ്.ഇ.ബി പ്രൊജക്ട് വിഭാഗം എക്സി.എഞ്ചിനീയർ കെ.സന്തോഷ്, അസി.എഞ്ചീനീയർ റ്റി.വി.സുരേഷ്, ഓവർസിയർമാർ, കോൺട്രാക്ടർമാർ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.