Trending Now

വെച്ചൂച്ചിറ പോളിടെക്നിക്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 27ന്

 

കോന്നി വാര്‍ത്ത : വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ശിലാഫലക അനാശ്ചാദനം രാജു ഏബ്രഹാം എം എല്‍എ നിര്‍വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്ത് അംഗം എം.ജി. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബില്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. മൂന്ന് നിലകളിലായി നടുമുറ്റം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് മനോഹരമായ പോളിടെക്നിക് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഇവയ്ക്കെല്ലാം കൂടി 15 കോടി രൂപയോളമാണ് ആകെ വിനിയോഗിച്ചത്.
1998 ല്‍ പ്രവര്‍ത്തനമാരംഭിച്ച പോളിടെക്നിക്ക് ഇതുവരെ വാടക കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവന്നത്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, ബയോമെഡിക്കല്‍ എന്നീ ത്രിവത്സര ഡിപ്ലോമാ കോഴ്‌സുകളിലേക്ക് പ്രതിവര്‍ഷം 180 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇവിടെ 540 കുട്ടികള്‍ പഠനം നടത്തുന്നു. കേരളത്തില്‍ ആദ്യമായി ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചില്‍ ഡിപ്ലോമാ കോഴ്സ് ആരംഭിച്ചത് ഈ സ്ഥാപനത്തിലാണ്. വെച്ചൂച്ചിറ എക്സ് സര്‍വീസ്മെന്‍ സൊസൈറ്റിയുടെ എട്ട് ഏക്കര്‍ സ്ഥലവും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ രണ്ട് എക്കര്‍ സ്ഥലവുമാണ് പോളിടെക്നിക്കിനായി വിട്ടു നല്‍കിയത്. പുതിയ കോളജ് കെട്ടിടത്തിന് 5140 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്.
2011ലാണ് കോളജ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ 2018 ല്‍ കെട്ടിടത്തിന്റെ മരാമത്തു പണികള്‍ പൂര്‍ത്തിയായി. പിന്നീട് 52 ലക്ഷം രൂപ ചെലവില്‍ വൈദ്യുതീകരണം, 40 ലക്ഷം രൂപ ചെലവില്‍ ഡെഡിക്കേറ്റഡ് വാട്ടര്‍ കണക്ഷന്‍, ഒരു കോടി രൂപ മുതല്‍ മുടക്കില്‍ ഫര്‍ണീച്ചര്‍, 76 ലക്ഷം രൂപ മുതല്‍ മുടക്കില്‍ കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും, 6.5 ലക്ഷം രൂപ ചെലവില്‍ പുതിയ ലൈബ്രറി ബുക്കുകള്‍, ബാരിയര്‍ ഫ്രീ എന്‍വയോണ്‍മെന്റ്, ലാംഗ്വേജ് ലാബ്, മോട്ടോറൈസ്ഡ് റോഡ്, പാര്‍ക്കിഗ് ഏരിയ തുടങ്ങി എഐസിറ്റിഇ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് കോളജ് കെട്ടിടം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
ഫര്‍ണിഷിംഗും ഫര്‍ണിച്ചറുകളും എല്ലാം ക്രമീകരിച്ചു. പെരുന്തേനരുവി ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നാണ് ഇവിടെ ജല ലഭ്യത ഉറപ്പാക്കിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി 9.53 കോടി അടങ്കല്‍ തുകയില്‍ രണ്ട് ഹോസ്റ്റലുകളുടെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നു. പ്രധാന കെട്ടിടത്തിന് അനുബന്ധമായി വര്‍ക്ക്ഷോപ്പ്, കാന്റീന്‍, ഡ്രോയിംഗ്ഹാള്‍, പ്ലേ ഗ്രൗണ്ട്, ലിഫ്റ്റ് തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി 3.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വര്‍ക്കലമുക്ക് എന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമത്തിലാണ് പോളിടെക്ക്‌നിക്ക് കോളജ് സ്ഥിതി ചെയ്യുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

error: Content is protected !!