കോന്നി വാര്‍ത്ത : നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍, വിദ്യാരംഭം, സംഗീത കച്ചേരി തുടങ്ങിയവ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.
പരമാവധി 40 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. പ്രവേശന കവാടത്തില്‍ ആളുകള്‍ തിരക്ക് കൂട്ടാതിരിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചടങ്ങ് നടക്കുന്നിടത്ത് സ്‌ക്രീനിംഗിനുളള സൗകര്യമൊരുക്കണം. രോഗലക്ഷണങ്ങളുളളവരെ ഒരു കാരണവശാലും അകത്ത് പ്രവേശിപ്പിക്കരുത്. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ആറടി അകലം പാലിക്കണം. തറയില്‍ അടയാളമിട്ടോ, വടം കെട്ടിയോ ശാരീരിക അകലപാലനം സംഘാടകര്‍ ഉറപ്പു വരുത്തണം.
എല്ലാവരും നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിച്ചിരിക്കണം. വിദ്യാരംഭ ചടങ്ങുകള്‍ സ്വന്തം ഭവനങ്ങളില്‍ തന്നെ നടത്തുന്നതാണ് ഉചിതം. വിദ്യാരംഭ ചടങ്ങില്‍ കുട്ടിയുടെ നാവില്‍ ആദ്യാക്ഷരം കുറിക്കാനുപയോഗിക്കുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുളളവ ഒറ്റതവണ മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ. പുനരുപയോഗം ഒരു കാരണവശാലും പാടില്ല.
65 വയസിന് മുകളില്‍ പ്രായമുളളവരും ഗര്‍ഭിണികളും, 10 വയസിന് താഴെയുളള കുട്ടികളും, മറ്റ് രോഗങ്ങളുളളവരും ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്. കണ്ടെയ്ന്‍മെന്റ് സോണില്‍ വീടിന് പുറത്ത് ആഘോഷം നടത്തരുത്. കഴിവതും അനാവശ്യമായി എവിടെയും സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും പ്രതലത്തിലോ, വസ്തുവിലോ സ്പര്‍ശിച്ചാലുടന്‍ സോപ്പും വെളളവുമുപയോഗിച്ചോ, സാനിട്ടൈസര്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കണം. ഇതിനുളള സജ്ജീകരണം സംഘാടകര്‍ ഒരുക്കണം. ഇടയ്ക്കിടെ ആളുകള്‍ സ്പര്‍ശിക്കുന്ന എല്ലാ പ്രതലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണു വിമുക്തമാക്കണം. ചടങ്ങുകളില്‍ സംബന്ധിക്കുന്നവരുടെ പേരും മേല്‍ വിലാസവും ഫോണ്‍ നമ്പരും നിര്‍ബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കണം.
സ്വയം നിരീക്ഷണം പരമപ്രധാനമാണ്. പനി, തൊണ്ടവേദന,ചുമ, അമിതമായ ക്ഷീണം, മണവും രുചിയും നഷ്ടപ്പെടല്‍, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എവിടെയും സന്ദര്‍ശനത്തിന് മുതിരാതെ വീട്ടില്‍ തന്നെ കഴിയുകയും തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രവുമായോ, ‘ദിശ’ ഹെല്‍പ്പ് ലൈനുമായോ (1056) ബന്ധപ്പെടാം.