Trending Now

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനു തീരുമാനമായി

 

കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ നല്കുന്നതിനും, സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും തീരുമാനമായി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
മെഡിക്കൽ കോളേജിനുള്ളിൽ1600 കെ.വി.യുടെ രണ്ട് ട്രാൻസ്ഫോർമർ ഉൾപ്പടെ എച്ച്.റ്റി. പാനൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കണക്ഷനുവേണ്ടി മെഡിക്കൽ കോളേജിന് പുറത്തേക്ക് കേബിൾ എത്തിച്ചിട്ടുമുണ്ട്.
2000 കെ.വി.യുടെ എച്ച്.റ്റി. കണക്ഷനാണ് മെഡിക്കൽ കോളേജ് പ്രവർത്തനത്തിന് ആവശ്യം.ഇതിനായി കോന്നി സബ് സ്റ്റേഷനിൽ നിന്നും പ്രത്യേകമായി എ.ബി.സി കേബിൾ മെഡിക്കൽ കോളേജ് വരെ സ്ഥാപിക്കണം.
ഇതിനായി 2.43 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.തുക ഉടൻ തന്നെ കെ.എസ്.ഇ.ബി യ്ക്ക് അടയ്ക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുമായി ചർച്ച നടത്തി നടപടികൾ വേഗത്തിലാക്കും.
മെഡിക്കൽ കോളേജിൻ്റെ മട്ടുപ്പാവിൽ ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ വൈദ്യുത ഉപാദന നിലയം സ്ഥാപിക്കാനുള്ള പദ്ധതി രൂപീകരിക്കാൻ യോഗം കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി.കെ.എസ്.ഇ.ബി നോഡൽ ഏജൻസിയായുള്ള ഊർജ്ജ കേരളാ മിഷൻ്റെ സൗര പദ്ധതിയുടെ ഭാഗമായി സൗരോർജ്ജ വൈദ്യുത നിലയം സ്ഥാപിക്കാനാണ് തീരുമാനമായത്.
മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ മട്ടുപ്പാവിന് 13000 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുണ്ട്. 8000 സ്ക്വയർ മീറ്ററിൽ സോളാർ പാനൽ സ്ഥാപിച്ചാൽ ഒരു മെഗാവാട്ട് വൈദ്യുത നിലയം സ്ഥാപിക്കാമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 5000 യൂണിറ്റ് വൈദ്യുതി സൂര്യപ്രകാശത്തിൽ നിന്നും ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.
യോഗത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, കെ.എസ്.ഇ.ബി പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സി.എഞ്ചിനീയർ കെ.സന്തോഷ്, അസി.എക്സി.എഞ്ചിനീയർ കെ.എ.ഗിരീഷ്, അസി.എഞ്ചിനീയർ ജോൺസി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!