Trending Now

പനിയുണ്ടോ :കോവിഡ് അല്ല എന്നുറപ്പുവരുത്തണം

 

ആലപ്പുഴ: കോവിഡ് 19 സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്ന ഈ സമയത്ത് മാസ്‌ക് ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ജാഗ്രതയോടെ തുടരണം. ആര്‍ക്കും ആരില്‍ നിന്നും രോഗം പിടിപെടാം. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ അപേക്ഷിച്ച് ലക്ഷണങ്ങളുളളവരില്‍ നിന്നും രോഗം പിടിപെടാനുളള സാധ്യത കൂടുതലാണ്. ജലദോഷം, പനി, ദേഹവേദന, തൊണ്ട വേദന, ശ്വാസതടസ്സം, മണമറിയാതിരിക്കുക, രുചിയില്ലായ്മ, വയറിളക്കം തുടങ്ങിയവയില്‍ ഏത് ലക്ഷണം അനുഭവപ്പെട്ടാലും പെട്ടെന്ന് റൂം ക്വാറന്റയിന്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകരെ വിവരങ്ങള്‍ അറിയിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. ലക്ഷണങ്ങള്‍ ഗൗരവമുളള സൂചനയാണ്. കോവിഡ് രോഗബാധ തിരിച്ചറിയാന്‍ വൈകുന്നത് രോഗിയില്‍ നിന്നും മറ്റുളളവരിലേക്ക് രോഗം വ്യാപിക്കാനിടയാക്കും. ചികിത്സയ്ക്കു വിധേയനാകാന്‍ കാലതാമസമുണ്ടാകുന്നത് രോഗിയുടെ സ്ഥിതി വഷളാക്കാനുമിടയാക്കും. അതുകൊണ്ട് പനിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ റൂം ക്വാറന്റയിന്‍ സ്വീകരിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ചികിത്സ ഉറപ്പാക്കുകയും വേണം. സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും. പഴയ കുറിപ്പടി ഉപയോഗിച്ച് മരുന്നുവാങ്ങുകയും ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നു വാങ്ങുന്നതും കോവിഡ് രോഗം വ്യാപിക്കുന്ന ഈ സമയത്ത് വലിയ അപകടമുണ്ടാക്കാമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

error: Content is protected !!