ജില്ലയിലെ ഏറ്റവും വലിയ പാലത്തിന്‍റെ നിര്‍മാണ ചെലവ് 27 കോടി രൂപ
കോന്നി വാര്‍ത്ത : റാന്നി മേഖലയുടെ വികസനത്തിനു വേഗം കൂട്ടുന്നതും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പുനലൂര്‍-മൂവാറ്റുപുഴ റോഡിനു സമാന്തരമായി റാന്നി ബ്ലോക്കുപടിയില്‍ നിന്നും ആരംഭിച്ച് ഉപാസനക്കടവില്‍ എത്തുന്ന പാലം പമ്പാ നദിക്കുകുറുകെയാണു നിര്‍മ്മിക്കുന്നത്.
2016-2017 കിഫ്ബി ഫണ്ടില്‍ നിന്നും 27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. 317 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിന് ഇരുവശത്തും നടപ്പാതയോടുകൂടി 12 മീറ്റര്‍ വീതിയുമാണു നിര്‍മ്മാണം. ജില്ലയിലെതന്നെ
ഏറ്റവും വലിയ പാലമാണിത്. സംസ്ഥാന പാതയായ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ബ്ലോക്കുപടി മുതല്‍ റാന്നി ടൗണ്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും മല്ലപ്പള്ളി, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു ഗതാഗതക്കുരുക്കില്‍പ്പെടാതെ യാത്രചെയ്യാനും ഈ പാലം സഹായകരമാകും.
പമ്പാനദിക്ക് നടുവില്‍ 45 മീറ്ററില്‍ മൂന്നു സ്പാനുകള്‍ ഉള്ള ആര്‍ച്ച് ബ്രിഡ്ജും ഇരു കരകളിലുമായി 26 മീറ്റര്‍ നീളത്തിലുള്ള ഏഴു സ്പാനുകളുമായാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.എം ആന്‍ഡ് ബി.സി വര്‍ക്കും ആവശ്യ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും ഉള്‍പ്പെടുത്തിയാണു പാലത്തിനുള്ള സമീപന പാത വിഭാവനം ചെയ്തിട്ടുള്ളത്. വെള്ളത്തിലുള്ള ഓപ്പണ്‍ ഫൗണ്ടേഷന്‍ ഒഴികെയുള്ള പൈലിംഗ് പ്രവൃത്തികളും പൈല്‍ ക്യാപ്പിന്റെ പ്രവൃത്തിയും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പിയറിന്റെ പ്രവൃത്തിയും കരയിലുള്ള പൈലിംഗിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നു. 56 പൈലുകളില്‍ 48 എണ്ണം പൂര്‍ത്തീകരിച്ചു. ആറു പൈലുകള്‍ ക്യാപ്പ് പൂര്‍ത്തീകരിച്ചു. അഞ്ച് പിയറുകളും ആറ് ഗര്‍ഡറുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. രാജു ഏബ്രഹാം എംഎല്‍എയുടെ ശ്രമഫലമായാണ് പുതിയ പാലത്തിന് നിര്‍മാണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.