Trending Now

മൂലൂര്‍ സ്മാരകം സൗന്ദര്യവത്കരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

അടിസ്ഥാന വികസനങ്ങള്‍ക്കൊപ്പം  സാംസ്‌കാരിക മുന്നേറ്റവും ഉണ്ടാകണം: മുഖ്യമന്ത്രി

കോന്നി വാര്‍ത്ത : അടിസ്ഥാന വികസനങ്ങള്‍ക്കൊപ്പം സാംസ്‌കാരിക മുന്നേറ്റവും നമുക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറ് ദിന കര്‍മപദ്ധതില്‍ ഉള്‍പ്പെടുത്തി മൂലൂര്‍ സ്മാരകം സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഭാഗമായി 49 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനമാണ് മൂലൂര്‍ സ്മാരക സൗന്ദര്യവത്കരണ പദ്ധതിക്കായി ചെലവഴിച്ചത്. കോവിഡ് മൂലം ടൂറിസം മേഖലയില്‍ നിന്നും 25000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. 15 ലക്ഷം ആളുകള്‍ ജോലി ചെയ്യുന്ന മേഖലയാണു ടൂറിസം. കോവിഡിന്റെ സാഹചര്യത്തില്‍ നിരവധി പേരുടെ ജോലി നഷ്ടമായി. ഈ സാഹചര്യത്തിലും ടൂറിസം വിഭാഗത്തെ അതിജീവിപ്പിക്കുകയാണു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയത്തക്ക രീതിയിലാണ് ടൂറിസം പദ്ധതികളുടെ പുനരുജ്ജീവനം നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു വിശിഷ്ട സാന്നിധ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി, മൂലൂര്‍ സ്മാരക പ്രസിഡന്റ് കെ.സി രാജഗോപാല്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം പിങ്കി ശ്രീധര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം എ.ആര്‍ ബാലന്‍, ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍. അജയകുമാര്‍, അജി അലക്‌സ്, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, ഡിടിപിസി ജില്ലാ സെക്രട്ടറി ആര്‍. ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.