കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ബ്യൂറോ : ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഖില ഭാരത അയ്യപ്പസേവാ സംഘം മുഖേന 185 വിശുദ്ധ സേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
വിശുദ്ധി സേനാംഗങ്ങള്‍ മണ്ഡലകാലത്തിന് ഏഴു ദിവസം മുന്‍പ് കോവിഡ് നെഗറ്റീവ് ആണെന്ന് 48 മണിക്കൂര്‍ മുന്‍പ് ലഭിച്ച സര്‍ട്ടിഫിക്കറ്റോടെ ജില്ലയില്‍ എത്തണം. തുടര്‍ന്ന് ഏഴു ദിവസം ക്വാറന്റൈനില്‍ കഴിയണം. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ശുചീകരണ ജോലികള്‍ക്ക് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ 50 പേര്‍ വീതവും, പന്തളത്ത് 25 പേരെയും, കുളനടയില്‍ 10 പേരെയും നിയോഗിക്കും. സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കും.
മാലിന്യങ്ങള്‍ നീക്കുന്നതിന് നാല് ട്രാക്ടറുകള്‍ ഉണ്ടാകും. തീര്‍ഥാടകരുടെ പരാതികള്‍ അറിയിക്കുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കും. മിഷന്‍ഗ്രീന്‍ ശബരിമലയുടെ ഭാഗമായി തുണി സഞ്ചികള്‍ വിതരണം ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ ഹരികുമാര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു