തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമികത്വത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറക്കും. വെള്ളിയാഴ്‌ച പ്രത്യേകപൂജകളില്ല. ശനിയാഴ്‌ച പുലർച്ചെ അഞ്ചിനു നട തുറക്കും. ശനിയാഴ്‌ച മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസം 250 പേർക്കാണ് ദർശനം. ശനിയാഴ്‌ച രാവിലെ 8ന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ഒമ്പതു പേരാണ് ശബരിമല മേൽശാന്തിയുടെ അന്തിമ യോഗ്യതാ പട്ടികയിലുള്ളത്. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല––മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. ഇരുവരും നവംബർ 15ന് ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാകും. തുലാമാസ പൂജ പൂർത്തിയാക്കി 21 ന് രാത്രി നടയടയ്ക്കും. ഡിസംബർ 26ന് മണ്ഡലപൂജയും ജനുവരി 14ന് മകരവിളക്കും നടക്കും.