കോന്നി വാര്‍ത്ത : എഡിജിപി ബി.സന്ധ്യ എഡിറ്റര്‍ ആയി പുറത്തിറങ്ങുന്ന, കേരളത്തിലെ 20 പോലീസ് ഉദ്യോഗസ്ഥരുടെ കഥകളുടെ സമാഹാരത്തില്‍ കഥയെഴുതിയ ജില്ലയിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍. ജില്ലാ പോലീസ് അഡിഷണല്‍ എസ്പി എ.യു. സുനില്‍കുമാറിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി.
കേരളത്തിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ചെറുകഥകള്‍ ക്ഷണിക്കുകയും, ലഭിച്ച 56 എന്‍ട്രികളില്‍ 28 എണ്ണം പ്രാഥമിക പരിശോധനയില്‍ പരിഗണിക്കപ്പെടുകയും തുടര്‍ന്ന് അവയില്‍ നിന്നും എഡിജിപി ബി. സന്ധ്യ 19 എണ്ണം തിരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു. എഡിജിപിയുടെ കഥയുള്‍പ്പെടെ 20 സൃഷ്ടികള്‍ ഉള്‍പ്പെടുത്തി ഇറങ്ങുന്ന പുസ്തകത്തില്‍ ജില്ലയില്‍നിന്നും പരിഗണിക്കപ്പെട്ട ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജീവ് മണക്കാട്ടുപുഴ, അടൂര്‍ കെഎപി ബറ്റാലിയനിലെ ഹവില്‍ദാര്‍ മിഥുന്‍ എസ് ശശി എന്നിവരെ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അഭിനന്ദിച്ചു. പുസ്തകത്തില്‍ ഇവരുടെ രചനകള്‍ ഉള്‍പെടുത്തപ്പെട്ടത് ജില്ലാപോലീസിന് അഭിമാനകരമാണെന്നും, ഇത് മറ്റുള്ളവര്‍ക്ക് ആവേശം പകരുമെന്നും, പുസ്തകത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ജില്ലാപോലീസ് മേധാവിയുടെ ചേംബറില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ അഡിഷണല്‍ എസ്പിക്കു പുറമെ, ഡിസിആര്‍ബിഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, കഥാകൃത്ത് സജീവ് മണക്കാട്ടുപുഴ എന്നിവര്‍ പങ്കെടുത്തു.