കോന്നി മെഡിക്കല്‍ കോളജ് രണ്ടാംഘട്ടം ജില്ല കണ്ട ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്ന്: കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

 

കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജ് രണ്ടാം ഘട്ടത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 241.01 കോടി അനുവദിച്ചതോടെ ജില്ല കണ്ട ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായി കോന്നി മെഡിക്കല്‍ കോളജ് രണ്ടാം ഘട്ട പദ്ധതി മാറിയെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഒന്നാം ഘട്ടത്തിനു ചെലവഴിച്ചതിന്റെ ഇരട്ടിയിലധികം തുകയാണ് രണ്ടാം ഘട്ടത്തിന് ലഭിച്ചത്. കേരള സര്‍ക്കാര്‍ കോന്നിക്കു തന്ന സമ്മാനമായി ഇതിനെ സ്വീകരിക്കുന്നതായും എംഎല്‍എ പറഞ്ഞു.
കോന്നിയിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കോടികളുടെ വികസന പദ്ധതികളായി എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചു നല്‍കുകയാണ്. സ്വപ്നം കാണാന്‍ കഴിയാത്ത വികസന നേട്ടങ്ങളാണ് കോന്നിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒക്ടോബര്‍ 13 ലെ കിഫ്ബി ബോര്‍ഡിനു മുമ്പായി തന്നെ തിരുവനന്തപുരത്ത് എത്തി ക്യാമ്പ് ചെയ്ത് തുക അനുവദിക്കുന്നതിനുള്ള എല്ലാ ഇടപെടലും നടത്തുകയുണ്ടായി. തുക അനുവദിച്ച് തീരുമാനമായിട്ടും വേഗത്തില്‍ നിര്‍മാണം ആരംഭിക്കുന്നതിനുള്ള ഇടപെടല്‍ നടത്താനായി തിരുവനന്തപുരത്തു തന്നെ തുടരുകയാണ്.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഏറ്റവും സന്തോഷം അനുഭവിച്ച ദിനമായിരുന്നു ഒക്ടോബര്‍ 13. കോന്നിക്ക് ഇത്രത്തോളം കരുതലും വികസനവും പകര്‍ന്നു നല്‍കുന്ന കേരള സര്‍ക്കാരിനോടും, മുഖ്യമന്ത്രിയോടും കോന്നി ജനതയ്ക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുകയാണെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!