Trending Now

കോന്നി ഗവ. മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി അനുവദിച്ചു

 

കോന്നി വാര്‍ത്ത : കോന്നി ഗവ.മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒക്ടോബര്‍ 13 നു ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ട നിര്‍മാണത്തിന് 115 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചത്. രണ്ടാം ഘട്ടത്തിന് അതിന്റെ രണ്ടിരട്ടിയില്‍ അധികം തുക അനുവദിച്ചതോടെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായി മാറാന്‍ പോകുകയാണ്.
337.06 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിനായി തയാറാക്കി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുക അനുവദിക്കുന്നത് അടുത്ത കിഫ്ബി ബോര്‍ഡ് പരിഗണിക്കും. രണ്ടാം ഘട്ടത്തില്‍ നിര്‍മാണം നടത്തുന്നതിന് പണം അനുവദിച്ചത് പുതിയ ആശുപത്രി ബ്ലോക്ക്, കോളജ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍, ടൈപ്പ് എ, ബി, സി, ഡി അപ്പാര്‍ട്ട്മെന്റുകള്‍, ഡീന്‍സ് വില്ല, ഓഡിറ്റോറിയം, മോര്‍ച്ചറി, ലോണ്‍ട്രി തുടങ്ങിയവയ്ക്കാണ്.
ഇപ്പോള്‍ അനുവദിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 13644 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ഏഴു നിലയില്‍ നിര്‍മിക്കുന്ന പുതിയ ആശുപത്രി കെട്ടിടമാണ്. ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ റിസപ്ഷന്‍, ഫാര്‍മസി, നേത്രരോഗ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും ഒ.പി.വിഭാഗം തുടങ്ങിയവ പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, റ്റി.ബി ആന്‍ഡ് റസ്പിറേറ്ററി വിഭാഗം തുടങ്ങിയവയുടെ ഒപിയാണ് പ്രവര്‍ത്തിക്കുക.
മൂന്നാം നിലയില്‍ ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗം, ഇഎന്‍ടി എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കും. നാലാം നിലയില്‍ ജനറല്‍ സര്‍ജറി, നേത്രരോഗ വിഭാഗം തുടങ്ങിയവയുടെ വാര്‍ഡുകളായിരിക്കും പ്രവര്‍ത്തിക്കുക. അഞ്ചാം നിലയില്‍ ജനറല്‍ സര്‍ജറി വാര്‍ഡും, ഇഎന്‍ടി വാര്‍ഡും പ്രവര്‍ത്തിക്കും. ആറാം നിലയില്‍ അസ്ഥിരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം എന്നിവയുടെ രണ്ടു വാര്‍ഡുകള്‍ വീതം പ്രവര്‍ത്തിക്കും. ഏഴാം നിലയില്‍ ഐസൊലേഷന്‍ വാര്‍ഡ്, റ്റി.ബി ആന്‍ഡ് റസ്പിറേറ്ററി വിഭാഗത്തിന്റെ വാര്‍ഡ് തുടങ്ങിയവ പ്രവര്‍ത്തിക്കും.
കോളജ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് മൂന്നു നിലകളിലായി 6860 സ്‌ക്വയര്‍ മീറ്ററിലാണ് നിര്‍മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറില്‍ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റ്, റെക്കോഡ് റൂം, പ്രിന്‍സിപ്പലിന്റെ ചേംബര്‍, ഓഫീസ്, കഫറ്റേരിയ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഒന്നാം നിലയില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ്, മെഡിക്കല്‍ സൂപ്രണ്ടിന്റെ ചേംബര്‍, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് റൂം, കോളജ് കൗണ്‍സില്‍ റൂം എന്നിവയും, രണ്ടാം നിലയില്‍ ഫോറന്‍സിക്ക് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടും.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആറു നിലകളിലായാണ് നിര്‍മിക്കുന്നത്. 5191 സ്‌ക്വയര്‍ മീറ്ററാണ് വിസ്തീര്‍ണം. ആണ്‍ കുട്ടികളുടെ ഹോസ്റ്റല്‍ അഞ്ചു നിലകളിലായാണ് നിര്‍മിക്കുന്നത്. 4349 സ്‌ക്വയര്‍ മീറ്റര്‍ ആണ് വിസ്തീര്‍ണം.
പതിനൊന്ന് നിലകളിലായാണ് ക്വാര്‍ട്ടേഴ്സ് അപ്പാര്‍ട്ട്മെന്റ് നിര്‍മിക്കുന്നത്. ടൈപ്പ് എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് അപ്പാര്‍ട്ട്മെന്റ് ഉണ്ടാക്കുക. ടൈപ്പ് എ 2497 സ്‌ക്വയര്‍ മീറ്ററും, ടൈപ്പ് ബി 2497 സ്‌ക്വയര്‍ മീറ്ററും, ടൈപ്പ് സി 3264 സ്‌ക്വയര്‍ മീറ്ററും, ടൈപ്പ് ഡി 6097 സ്‌ക്വയര്‍ മീറ്ററും വിസ്തീര്‍ണം വീതമാണ് ഉണ്ടാവുക.
പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍സ് വില്ല രണ്ട് നിലയിലാണ് നിര്‍മിക്കുന്നത്. ഇതിന് 289 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുണ്ടാകും. 7816 സ്‌ക്വയര്‍ മീറ്ററിലുള്ള ഓഡിറ്റോറിയമാണ് നിര്‍മിക്കുക. ഇതില്‍ വിഐപി റൂമുകളും, പാര്‍ക്കിംഗ് ഏരിയയും ഉള്‍പ്പെടും. 409 സ്‌ക്വയര്‍ മീറ്ററിലാണ് മോര്‍ച്ചറി നിര്‍മിക്കുന്നത്. ലോഞ്ച്, ഡോക്ടറുടെ മുറി, ടെക്നീഷ്യന്‍മാരുടെ മുറികള്‍, സ്റ്റോര്‍ റൂം എന്നിവ ഉള്‍പ്പെടുത്തിയാണ് മോര്‍ച്ചറി നിര്‍മിക്കുന്നത്.
625 സ്‌ക്വയര്‍ മീറ്ററിലാണ് ലോണ്‍ട്രി നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആകെ 53196 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തുന്നത്. അപ്പാര്‍ട്ട്മെന്റ്കളുടെ ആവശ്യത്തിലേക്ക് 400 കെ.വി.യുടെ രണ്ട് ജനറേറ്ററുകളും സ്ഥാപിക്കും. അലാം സിസ്റ്റം, പബ്ലിക്ക് അഡ്രസ് സിസ്റ്റം, സിസിടിവി, ടെലഫോണ്‍ സിസ്റ്റം, ടോക്കണ്‍ സിസ്റ്റം തുടങ്ങിയവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതായി നിര്‍മിക്കുന്ന ആശുപത്രി ബില്‍ഡിങ്ങില്‍ 20 ആളുകള്‍ക്ക് ഒരു സമയം യാത്ര ചെയ്യാന്‍ കഴിയുന്ന രണ്ടു ലിഫ്റ്റുകള്‍ ഉണ്ടാകും. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ എട്ടു പേര്‍ക്ക് കയറാവുന്ന ഒരു ലിഫ്റ്റും, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 10 പേര്‍ക്ക് വീതം കയറാന്‍ കഴിയുന്ന രണ്ടു ലിഫ്റ്റുകളും, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 10 പേര്‍ക്ക് വീതം കയറാന്‍ കഴിയുന്ന രണ്ടു ലിഫ്റ്റുകളും, ക്വാര്‍ട്ടേഴ്സ് അപ്പാര്‍ട്ട്മെന്റില്‍ നാല് ലിഫ്റ്റുകളും, ഓഡിറ്റോറിയത്തില്‍ രണ്ടു ലിഫ്റ്റ്കളും ഉണ്ടാകും.
24 മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് രണ്ടാം ഘട്ട പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. രണ്ടു മാസത്തിനകം തറക്കല്ലിട്ട് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.