Trending Now

ആയിരം പച്ചത്തുരുത്തുകള്‍:പൂര്‍ത്തീകരണ പ്രഖ്യാപനം 15ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

കോന്നി വാര്‍ത്ത : ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ 15ന് രാവിലെ 10 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
അതിജീവനത്തിന് ജൈവ വൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതായി ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.
തുടര്‍ന്ന് പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്രം നല്‍കും. പൊതു സ്ഥലങ്ങള്‍ ഉള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനം ഉപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. 590 പഞ്ചായത്തുകളിലായി 454 ഏക്കര്‍ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകള്‍ ഉള്ളത്.

ജില്ലയില്‍ അതിജീവനത്തിന്റെ 60 പച്ചത്തുരുത്തുകള്‍

ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ 17 ഏക്കറിലായി 60 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങള്‍ ഉള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പച്ചത്തുരുത്ത് രൂപപ്പെടുന്ന സ്ഥലത്തെ താപനില നിയന്ത്രിക്കാനും, ജീവജാലങ്ങള്‍ക്ക് വാസയോഗ്യം ആക്കുവാനുതകുന്ന തരത്തിലുമുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക തുടങ്ങി പാരിസ്ഥിതികമായ അനേകം നേട്ടങ്ങള്‍ പ്രദാനം ചെയ്യാന്‍ ഈ ഹരിതാവരണങ്ങള്‍ക്ക് കഴിയും.
കുടംപുളി, ചീമപ്പുളി, നാരകം, ആത്ത, തേക്ക്, ചാമ്പ, വയണ, കുമിഴ്, അശോകം, ചെറുതേക്ക്, മുരിങ്ങ, അത്തി, പേര, നെല്ലി, ഞാവല്‍, പ്ലാവ്, മാവ്, അരിനെല്ലി, വാളന്‍പുളി, മുള, ഇലഞ്ഞി, വേപ്പ്, കൂവളം, കണിക്കൊന്ന, നീര്‍മരുത്, കറിവേപ്പ്, മാതളം, മരോട്ടി, കരിനെച്ചി, പപ്പായ, കരിങ്ങാലി, ദന്തപ്പാല, നെന്‍മേനി വാക, വേങ്ങ, പൂവരശ്, കുന്നിവാക, വെട്ടി, ഉതി, ഉങ്ങ്, ചമത, കറുവപ്പട്ട, താന്നി, വാക, മലവേപ്പ് തുടങ്ങിയ വൃക്ഷങ്ങളും എരിക്ക്, വാതംകൊല്ലി, മൈലാഞ്ചി, പരുത്തി, കടലാടി, തുളസി, മെഡിസിനല്‍ ബ്രിഞ്ചാള്‍, അമല്‍പൊരി, മന്ദാരം, കരിങ്കുറിഞ്ഞി, തെച്ചി, മഞ്ഞള്‍, തുമ്പ, കയ്യോന്നി, കുറുന്തോട്ടി, രാമച്ചം, കറ്റാര്‍വാഴ അഗസ്ത്യ ചീര, ആടലോടകം, ചെമ്പരത്തി തുടങ്ങിയ കുറ്റിച്ചെടികളും ശങ്കുപുഷ്പം, കാട്ടുതിപ്പലി, ശതാവരി, ചതുരമുല്ല, ഓരില, ബ്രഹ്മി, പനിക്കൂര്‍ക്ക, മേന്തോന്നി തുടങ്ങിയ വളളിച്ചെടികളും ജില്ലയിലെ വിവിധ പച്ചത്തുരുത്തുകളിലായി നട്ടിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പച്ചത്തുരുത്തുകള്‍ക്ക് ആവശ്യമായ തൈകള്‍ കോന്നി സാമൂഹ്യ വനവത്ക്കരണ വിഭാഗത്തില്‍ നിന്നാണ് ലഭ്യമാക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലയില്‍ പച്ചത്തുരുത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

പെരിങ്ങര മാതൃകാ പച്ചത്തുരുത്ത്

സംസ്ഥാനത്തിന് തന്നെ മാതൃകയായി പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരേക്കറോളം വരുന്ന സ്ഥലത്തെ ജില്ലയിലെ മാതൃകാ പച്ചത്തുരുത്ത് ആക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി ഗവേഷകര്‍ക്കും, പ്രവര്‍ത്തകര്‍ക്കും അക്കാദമിക കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് മാതൃകാ പച്ചത്തുരുത്ത് തയാറാക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പച്ചത്തുരുത്തിന് ആവശ്യമായ സ്ഥലം ഒരുക്കിയിട്ടുണ്ട്. 250ല്‍ പരം സ്പീഷ്യസില്‍പ്പെട്ട തൈകള്‍ നടുന്നതിനും മാതൃകാ പച്ചത്തുരുത്തിലേക്ക് നടപ്പാത, ജൈവവേലി, നെയിംബോര്‍ഡുകള്‍ ഉള്‍പ്പെടെ ഒരുക്കി ഇതിനെ ദേശീയ നിലവാരത്തിലുള്ള ഒരു ബയോ പാര്‍ക്ക് ആക്കുന്നതിനും സാങ്കേതിക സഹായം നല്‍കുന്നത് കോട്ടയം ആസ്ഥാനമായുളള ടൈസ് (ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ്) എന്ന സ്ഥാപനമാണ്. മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിന് ശേഷം മാതൃകാ പച്ചത്തുരുത്ത് നടീല്‍ ഉദ്ഘാടനം അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനോട് ചേര്‍ന്ന് പ്രാദേശിക സംഘാടക സമിതി യോഗവും അനുമോദന പത്രവും നല്‍കും.

കൊടുമണ്‍: സമ്പൂര്‍ണ പച്ചത്തുരുത്ത് ഗ്രാമം

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് ഗ്രാമമായ കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല സംഘാടക സമിതി യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളിലുമായി ആകെ 28 പച്ചത്തുരുത്തുകളാണ് സ്ഥാപിച്ചിട്ടുളളത്. കാവുംപാട്ട് പച്ചത്തുരുത്തിനോട് ചേര്‍ന്ന് പഞ്ചായത്തുതല സംഘാടക സമിതിയും ചേരും.

ആയുര്‍വേദ പച്ചത്തുരുത്ത്

സംസ്ഥാനത്തിന് തന്നെ മാതൃകയായി മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുളള ആയുര്‍വേദ പച്ചത്തുരുത്ത്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അച്ചന്‍കോവിലാറിനോട് ചേര്‍ന്ന ആറ്റരികം പച്ചത്തുരുത്ത് തുടങ്ങി വൈവിധ്യത്താല്‍ സമ്പന്നമാണ് ജില്ലയിലെ പച്ചത്തുരുത്തുകള്‍.
സംസ്ഥാന ഐടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനം ഉപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി.