Trending Now

രാം വിലാസ്‌ പാസ്വാൻ(74 ) അന്തരിച്ചു

 

കേന്ദ്ര ഭക്ഷ്യ, പൊതുവിതരണമന്ത്രിയും ലോക്‌ജൻശക്തി പാർടി(എൽജെപി) സ്ഥാപകനേതാവുമായ രാം വിലാസ്‌ പാസ്വാൻ(74 ) അന്തരിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ്‌ അന്ത്യം. ഒരാഴ്‌ചയ്‌ക്കിടെ രണ്ട്‌ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നു. എൽജെപി അധ്യക്ഷനും എംപിയുമായ ചിരാഗ്‌ പാസ്വാൻ അടക്കം നാല്‌ മക്കള്‍‌. ഭാര്യ: റീന ശർമ

ബിഹാറിലെ ഖഗരിയയിൽ ജനിച്ച പാസ്വാൻ സംയുക്ത സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുരംഗത്തെത്തുന്നത്‌. ജയപ്രകാശ്‌ നാരായണന്റെ അനുയായിയായിരുന്നു. അഞ്ച്‌ പ്രധാനമന്ത്രിമാർ നയിച്ച സർക്കാരുകളിൽ അംഗമായി. റെയിൽവേ, തൊഴിൽ, ടെലികോം, ഉരുക്ക്, രാസവളം‌ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചു. എട്ട്‌ തവണ ലോക്‌സഭാംഗമായി. നിലവിൽ രാജ്യസഭാംഗം‌. 1969ൽ ബിഹാറിൽ നിയമസഭാംഗമായി. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചു. 1977ൽ അടിയന്തരാവസ്ഥ പിൻവലിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലെത്തി. ഏഴ്‌‌ തവണകൂടി ഇവിടെനിന്ന്‌ ജയിച്ചു. ഉയർന്ന ഭൂരിപക്ഷത്തിന്റെ പേരിൽ അറിയപ്പെട്ടു.

ജനതാദൾ വിട്ട്‌ 2000ൽ എൽജെപി രൂപീകരിച്ചു. 2004ൽ ഒന്നാം യുപിഎ സർക്കാരിൽ അംഗമായി. 2009ൽ യുപിഎ വിട്ടാണ്‌ മത്സരിച്ചത്‌. ആ തവണ എൽജെപിക്ക്‌ സീറ്റൊന്നും നേടാനായില്ല. 2010ൽ ആദ്യമായി രാജ്യസഭാംഗമായി. 2014 മുതൽ എൻഡിഎയില്‍‌. കഴിഞ്ഞയാഴ്‌ച എൽജെപി ബിഹാറിൽ എൻഡിഎ വിട്ടുവെങ്കിലും കേന്ദ്രത്തിൽ സർക്കാരിന്റെ ഭാഗമായി പാസ്വാൻ തുടർന്നു.

ഹാജിപ്പുരിലെ റെക്കോഡ്‌ വിജയി
അടിയന്തരാവസ്ഥയ്‌ക്കുശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ഹാജിപ്പുരിൽനിന്ന്‌ ജനതാ പാർടി ടിക്കറ്റിൽ രാംവിലാസ്‌ പാസ്വാൻ ജയിച്ചത്‌ 4.24 ലക്ഷം വോട്ട്‌ ഭൂരിപക്ഷത്തിന്‌. ദീർഘനാൾ ഇത് ഗിന്നസ്‌ റെക്കോഡായി. ഹാജിപ്പുരിൽനിന്ന്‌ ലോക്‌സഭയിലെത്തിയത് എട്ടുവട്ടം‌‌; മൂന്നുവട്ടം തോറ്റു.

എൺപതുകളുടെ അവസാനം കോൺഗ്രസ്‌ ദുർബലമായതോടെ ബിഹാർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന മൂന്ന്‌ മുഖങ്ങളിലൊന്നാണ്‌ പാസ്വാൻ. യാദവ പിന്തുണയിൽ ലാലുപ്രസാദും കുർമി പിന്തുണയിൽ നിതീഷ്‌ കുമാറുമായിരുന്നു മണ്ഡൽ രാഷ്ട്രീയത്തിലൂടെ ബിഹാറിലെ ജനകീയനേതാക്കളായ മറ്റു രണ്ടുപേർ. ബിഹാറിൽ 16 ശതമാനത്തോളം ദളിതരാണ്. പാസ്വാന്‍ എന്ന ദളിത് വിഭാ​ഗമാണ് മൂന്നാമന്റെ വോട്ടുബാങ്ക്‌.

ഖഗാരിയയിലെ ഷഹർബന്ധിയിൽ 1946 ജൂലൈ അഞ്ചിന്‌ ജനിച്ച പാസ്വാൻ സംയുക്ത സോഷ്യലിസ്റ്റ്‌ പാർടിയിലൂടെയാണ്‌ രാഷ്ട്രീയപ്രവേശം. 1969ൽ നിയമസഭാംഗമായി. 1974ൽ ലോക്‌ദളിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ ജയിലിലടച്ചു. പിന്നീട് ഹാജിപ്പുര്‍ കുത്തകമണ്ഡലമായി മാറി.

വി പി സിങ്‌ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായി. 1996–-98ൽ ഐക്യമുന്നണി മന്ത്രിസഭയിൽ റെയിൽവകുപ്പ്‌. വാജ്‌പേയി സർക്കാരിൽ ഐടി–- ഖനി വകുപ്പുകൾ. യുപിഎ സർക്കാരിൽ വളംവകുപ്പും മോഡി സർക്കാരിൽ ഭക്ഷ്യവകുപ്പും ലഭിച്ചു. 2000ൽ ജനതാദൾ വിട്ട്‌ എൽജെപി രൂപീകരിച്ചു.രണ്ടാം യുപിഎ കാലമൊഴിച്ചാൽ 1996 മുതലുള്ള എല്ലാ മന്ത്രിസഭകളിലും അംഗം.

 

error: Content is protected !!