കോന്നി വാര്‍ത്ത ഡോട്ട് കോം : ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ 2 മത് സ്ഥാനത്താണ് കോന്നി ഗ്രാമ പഞ്ചായത്ത്. 2018 ജനുവരി 26 ന് ജില്ലയിൽ ആദ്യമായി ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ മാലിന്യ സംസ്ക്കരണത്തിൽ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുവാൻ കോന്നി ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഹരിത കേരളം മിഷൻ ശുചിത്വ മിഷനുമായി ചേർന്ന് ജില്ലാ തല ശുചിത്വ അവലോകന സമിതി നടത്തിയ വിലയിരുത്തലിൽ 70% മാർക്ക് വാങ്ങിയാണ് കോന്നി പഞ്ചായത്ത് രണ്ടാമത് എത്തിച്ചേർന്നത്. ഹരിത കർമ്മസേനയുടെ മാതൃകാ പ്രവർത്തനങ്ങൾ, ഉറവിടത്തിൽ തരം തിരിക്കൽ, പാഴ് വസ്തു ശേഖരണത്തിനുള്ള സംവിധാനമൊരുക്കൽ, പാഴ് വസ്തു ശേഖരണത്തിനുള്ള സംവിധാനമൊരുക്കൽ, പാഴ് വസ്തുക്കർ തരം തിരിച്ച് പുന:ചംക്രമണത്തിനുള്ള വിഭവങ്ങളാക്കി മാറ്റി അതിൽ നിന്നും വരുമാനം ഉറപ്പാക്കൽ എന്നീ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിലൂടെ ഘട്ടം ഘട്ടമായി മാലിന്യം പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്ന നടപടികൾ നടത്തുവാൻ ചെയ്ത മാതൃകാ പ്രവർത്തനങ്ങളാണ് ശുചിത്വ പദവി ലഭിക്കുവാൻ കാരണമായിട്ടുള്ളത്.
ശുചിത്വ മിഷൻ ഹരിത കേരള മിഷൻ കില എന്നിവരുമായി ചേർന്ന് തിരുവനന്തപുരത്ത് 2019 – 20 ൽ നടത്തിയ ശുചിത്വ സംഗമത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുമ്പിൽ കോന്നി ഗ്രാമ പഞ്ചായത്തിൽ നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാൻ സാധിച്ചു. മാലിന്യ സംസ്ക്കരണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാരായണ പുരം ചന്തയിലും പഞ്ചായത്ത് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലുമായി എയ്റോബിൻ കമ്പോസ്റ്റ് യൂണിറ്റുകൾ നാരായണ പുരം ചന്തയിലെ ബയോഗ്യാസ് പ്ലാന്റ്,1500 സ്ക്വയർ ഫീറ്റിലുള്ള അജൈവ മാലിന്യം തരം തിരിക്കുന്ന സംവിധാനമായ മെറ്റീരിയൽ കളക്ഷൻ സെന്റർ, 18 വാർഡുകളിലായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മിനി എം.സി.എഫ്, വീടുകളിൽ മാലിന്യ സംസ്കരണത്തിനായി മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പോസ്റ്റ് പിറ്റ് നിർമ്മാണം. ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണം, മാലിന്യത്തിൽ നിന്നും ജൈവ വളം നിർമ്മാണം. നഗര സ്വഭാവ പഞ്ചായത്തിലെ ജൈവ മാലിന്യം ശേഖരിച്ച് തുമ്പൂർ മൂഴി മോഡൽ എയറോബിൻ കമ്പോസ്റ്റിൽ വളമാക്കി മാറ്റി കൃഷി ഭവനുമായി ചേർന്ന് ജനകീയാസൂത്രണ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ജൈവ വളം നൽകുന്നതിനായി മാതൃകാ പ്രവർത്തനമായി ‘കർഷകമിത്ര’ ജൈവവളം കർഷകരിലേക്ക് എത്തുന്നു. ഹരിത ചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബോധവത്ക്കരണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്ക് നിരോധന ബോധവത്ക്കരണം, മാലിന്യം കൂട്ടിയിടുന്ന പൊതുസ്ഥലങ്ങളിൽ കർശന നടപടികൾ, ലഘുലേഖകൾ വിതരണം, പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ ഗ്രാമസഭകൾ, വാർഡു തല ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ ബോധവത്ക്കരണങ്ങൾ. ആഘോഷങ്ങളിൽ ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ഭാഗമായി 2017 ൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിലിന്റെ വിവാഹ ആഘോഷം ഹരികചട്ടം പാലിച്ചു നടത്തിയതിന് ശുചിത്വ മിഷന്റെ പുരസ്ക്കാരം ലഭിച്ചിരുന്നു. എന്റെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമം എന്ന മുദ്രാവാഖ്യവുമായി അധികാരത്തിൽ എത്തിയ കോന്നി ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ശുചിത്വ പദവി.2020 ഒക്ടോബർ 10 ന് രാവിലെ 10 മണിയ്ക്ക് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്ക്കാരവും സാക്ഷ്യപത്രവും ലഭിക്കും.