Trending Now

യുവജന പ്രതിഭാ പുരസ്കാരം കൈപ്പട്ടൂര്‍ നിവാസി ഷിജിന്‍ വര്‍ഗീസ് ഏറ്റുവാങ്ങി

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ 2018 ലെ സാമൂഹിക സേവനത്തിന് ഉള്ള സ്വാമി വിവേകാനന്ദന്‍ യുവജന പ്രതിഭാ പുരസ്കാരം പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസി ഷിജിന്‍ വര്‍ഗീസ് ഏറ്റുവാങ്ങി

 

യുവാക്കള്‍ക്ക് അംഗീകാരം നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: കായിക‑യുവജന ക്ഷേമ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം :  യുവജനങ്ങളാണു നമ്മുടെ ഏറ്റവും വലിയ സമ്പത്തും ശക്തിയുമെന്നും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കായിക‑യുവജന ക്ഷേമ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അംഗീകാരം നല്‍കലാണു യുവജന ക്ഷേമ ബോര്‍ഡ് നിര്‍വഹിച്ചിരിക്കുന്നത്. നാടിന്റെ കരുത്തും പ്രതീക്ഷയും അവരുടെ മികവിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടു തന്നെ അമൂല്യ വ്യക്തിത്വത്തിന് ഉടമയായ സ്വാമി വിവേകാനന്ദന്റെ പേരില്‍ നല്‍കുന്ന ഈ പുരസ്‌കാരത്തിന് ഏറെ പ്രസക്തിയുണ്ട്. ലോക്ഡൗണ്‍, പ്രളയ കാലത്തു യുവജനക്ഷേമ ബോര്‍ഡിന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

കൊവിഡ് കാലത്ത് യുവജനക്ഷേമ ബോര്‍ഡിന്റെ യുവാക്കളുടെ കൂട്ടായ്മയായ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ കമ്യൂണിറ്റി കിച്ചന്‍, മരുന്ന് വിതരണം, കാര്‍ഷിക ഇടപെടലുകള്‍ എക്കാലവും കേരളം ഓര്‍ത്തിരിക്കും. ഗ്രാമീണ മേഖലയിലെ നിരവധി യുവാക്കളുടെ ഇടപെടലിലൂടെ ഏക്കര്‍ കണക്കിനുകൃഷിഭൂമി കാര്‍ഷിക യോഗ്യമാക്കി. കൂടാതെ യുവജ ക്ഷേമ ബോര്‍ഡിന്റെ സൈക്കിള്‍ ബ്രിഗേഡ് പോലുള്ള പദ്ധതികള്‍ തീരദേശ മേഖലയിലെ പെണ്‍കുട്ടികള്‍ക്കു കരുത്തേകി. 15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി യുവാക്കള്‍ക്കു പുരസ്‌കാരം നല്‍കാന്‍ യുവജന ക്ഷേമ ബോര്‍ഡ് തീരുമാനിക്കുകയും അതില്‍ ട്രാന്‍സ്ജന്റര്‍ സാഹിത്യകാരി വിജയ രാജമല്ലികയെ ഉള്‍പ്പെടുത്തുകയും ചെയ്തു. അര്‍ഹതയ്ക്കുള്ള അംഗീകാരമായി വിജയരാജ മല്ലികയ്ക്കു പുരസ്‌കാരം നല്‍കുന്നത് സമൂഹത്തിന് ഒരു പുതിയ സന്ദേശം നല്‍കുന്നു. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും അവരെ ചേര്‍ത്തു നിര്‍ത്തേണ്ടവരാണെന്നുമുള്ള സംസ്‌കാരമാണ് ഇതിലൂടെ വളര്‍ത്തിയെടുക്കുന്നതെന്നും മന്ത്രി.

സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരമാണ് സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം. 2018, 19 വര്‍ഷങ്ങളിലെ പുരസ്‌കാരമാണു നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവര്‍ത്തനം-ദൃശ്യമാധ്യമം , കല, സാഹിത്യം , ഫൈന്‍ ആര്‍ട്‌സ്, കായികം (പുരുഷന്‍ , വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ 25 ഓളം പ്രതിഭകള്‍ക്കാണു പുരസ്‌കാരം നല്‍കിയത്.

അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവാ ക്ലബ്ബുകള്‍ക്കും പുരസ്‌ക്കാരം നല്‍കി. ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അധ്യക്ഷനായി. മെമ്പര്‍ സെക്രട്ടറി വി.ഡി. പ്രസന്ന കുമാര്‍ സ്വാഗതം പറഞ്ഞു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജറോം, ബോര്‍ഡ് അംഗങ്ങളായ സന്തോഷ് കാല, എസ്. ദീപു,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. എസ്. ചന്ദ്രികാ ദേവി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!